ദേശീയപാത വികസനം അട്ടിമറിച്ചതിനു പിന്നിൽ സംസ്ഥാന സർക്കാർ: എംപി
1576045
Tuesday, July 15, 2025 11:30 PM IST
തൊടുപുഴ: ദേശീയ പാത-85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറവരെയുള്ള റോഡിന്റെ വികസനം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്നു വീഴ്ചസംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു.
വനംവകുപ്പ് പറയുന്നതുപോലെ പ്രവർത്തിക്കുന്ന സർക്കാർ പാതയുടെ നിർമാണം തടസപ്പെടുത്താൻ ഒത്താശചെയ്യുകയായിരുന്നു. സർക്കാർ വീഴ്ച മറച്ചുവച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിനും എ.കെ. ശശീന്ദ്രനും തെറ്റുചെയ്ത ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയാണ്. ഇവർ ജനാധിപത്യത്തിന്റെ വില കളയുകയാണ്.
ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിച്ച തീരുമാനം അട്ടിമറിച്ചതിൽ മന്ത്രിമാർക്കോ ഉന്നത ഉദ്യോഗസ്ഥർക്കോ പങ്കില്ലെങ്കിൽ തെറ്റു ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുകയാണു വേണ്ടത്. ഇതിനു കഴിയുന്നില്ലെങ്കിൽ രാജിവച്ചൊഴിയണം. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറിക്കുവേണ്ടിയെന്നു പറഞ്ഞ് നൽകിയ സത്യവാങ്മൂലം സർക്കാരിന്റെ നിലപാടായി മാറി.
ഇതിലെ പരാമർശങ്ങൾ വസ്തുതകൾക്കു നിരക്കാത്തതും 2024 ഓഗസ്റ്റ് രണ്ടിനു ചീഫ്സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ സ്വീകരിച്ച തീരുമാനത്തിന് കടകവിരുധവുമായിരുന്നു. ഇതേത്തുടർന്നു പുറപ്പെടുവിച്ച ഇടക്കാല വിധിയനുസരിച്ച് പരിവേഷ് പോർട്ടലിൽ നൽകിയ അപേക്ഷയ്ക്ക് പുറമേ നടക്കുന്ന നിർമാണപ്രവർത്തനങ്ങളെല്ലാം നിയമവിരുദ്ധവും നിർത്തിവയ്ക്കപ്പെടേണ്ടതുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഇതേത്തുടർന്നു മരംമുറിയും റോഡ് നിർമാണപ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടി വന്നു. ചീഫ് സെക്രട്ടറി 2024 ഓഗസ്റ്റ് രണ്ടിനു വീഡിയോ കോണ്‍ഫറൻസ് മുഖേന കൂടിയ യോഗത്തിൽ വനംവകുപ്പ് സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലും പങ്കെടുത്തിരുന്നു.
ഈ യോഗതീരുമാനമനുസരിച്ച് റോഡ് വികസനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് യാതൊരു തരത്തിലുള്ള തടസവും സൃഷ്ടിക്കാൻ പാടില്ലെന്ന് നിർദേശിച്ചിരുന്നു. സർക്കാരും കിരണ്‍ സിജുവും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധിയിൽ 30 മീറ്റർ വീതി റോഡിനുണ്ട്. ഇതു മറികടക്കാൻ സർക്കാർ അപ്പീലോ റിവ്യൂ പെറ്റീഷനോ നൽകേണ്ടതില്ല.
ദേശീയപാത അഥോറിറ്റി പരിവേഷ് പോർട്ടലിൽ നൽകിയ അപേക്ഷയനുസരിച്ച് 0.95 ഹെക്ടർ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ ഈ മേഖല ഉൾപ്പെടുന്ന പ്രദേശം റവന്യു-പിഡബ്ല്യുഡി വകുപ്പുകളുടെ റിക്കാർഡ് പ്രകാരം പുറന്പോക്കാണെന്നിരിക്കേ ഈ പ്രദേശം മലയാറ്റൂർ റിസർവാണെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. ഇതിനിടെ ദേശീയപാത അഥോറിറ്റി ആവശ്യപ്പെട്ട സ്ഥലത്തിനു പകരമായും മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനെന്ന പേരിലും വനംവകുപ്പ് 5.5 കോടി കൈപ്പറ്റിയെന്നും എംപി പറഞ്ഞു.
ഈ തുക ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ എന്ത് നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചതെന്നു വ്യക്തമാക്കണം. വനം ഉദ്യോഗസ്ഥർക്ക് വാഹനവും, ഡ്രൈവർമാരുടെ ശന്പളവുമെല്ലാം ഈ ഇനത്തിൽ ആവശ്യപ്പെട്ട് പണം വാങ്ങിയെടുത്ത സംഭവം വിചിത്രമാണെന്നും എംപി പറഞ്ഞു. ജില്ലയെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തര ഇടപെടൽ നടത്തി റോഡ് വികസനം സാധ്യമാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. പൊതുപ്രവർത്തകൻ സിജുമോൻ ഫ്രാൻസിസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.