പഴമയുടെ പാരന്പര്യം മുറുകെപ്പിടിച്ച് പച്ചപ്പിന്റെ പരവതാനി വിരിച്ച് കാരയൂർ
1576051
Tuesday, July 15, 2025 11:31 PM IST
ജിതേഷ് ചെറുവള്ളിൽ
മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലകളിൽ നെൽകൃഷിയിലൂടെ നാടിന്റെ പച്ചപ്പ് വീണ്ടും പുനർജനിക്കുന്നു. പച്ചപ്പിന്റെ പരവതാനിവിരിച്ച പാടങ്ങൾ ഗ്രാമീണജനതയുടെ ജീവിതതാളമായിരുന്നു. പിന്നീട് കരിന്പുകൃഷി ഈ പ്രദേശത്ത് വ്യാപകമായതോടെ നെൽപ്പാടങ്ങൾ അപ്രത്യക്ഷമായി. ഭൂരിഭാഗം കർഷകരും കൂടുതൽ വരുമാനം പ്രതീക്ഷിച്ച് കരിന്പുകൃഷിയിലേക്കു തിരിഞ്ഞതാണ് നെൽകൃഷി അന്യമാകാൻ കാരണം. എന്നാൽ, തങ്ങളെ അന്നമൂട്ടുന്ന നെൽകൃഷി തുടരാൻ ഏതാനും കർഷകർ രംഗത്തുവന്നതോടെയാണ് വീണ്ടും ഇവിടെ പച്ചപ്പ് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.
പഴയ കൃഷിരീതികൾ കൈവിടാതെ, മണ്ണിനോടും പ്രകൃതിയോടും ചേർന്നാണ് ഇവരുടെ കൃഷി. നെൽകൃഷി ചെയ്യുന്നതിനുള്ള പാടം ഉഴുതുമറിക്കലും മറ്റും കാരയൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പാടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിലം ഉഴുത്, വിത്ത് തയാറാക്കി, പരന്പരാഗതരീതിയിൽ കൃഷിചെയ്യുകയാണ് പതിവ്. ഇതു ഗ്രാമത്തിലെ ജനങ്ങൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നു.
നെൽകൃഷി കാരയൂരിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇവിടത്തെ മറ്റു ഗ്രാമങ്ങൾ കരിന്പുകൃഷിയിലേക്ക് തിരിഞ്ഞപ്പോൾ കാരയൂർ മാത്രം പഴമവിടാതെ പിടിച്ചുനിന്നു. ഇവിടം മണ്ണിന്റെ മണമുള്ള പഴമയുടെ ശീലുകൾ ഏറ്റുപാടുന്ന കർഷകഗ്രാമമായി ഇന്നും നിലകൊള്ളുന്നു.
കർഷകർ ഒരുമിച്ച് പാടങ്ങൾ ഒരുക്കുകയും വിളവെടുപ്പ് വലിയ ആഘോഷമായി നടത്തുകയും ചെയ്യുന്ന പതിവാണ് ഇവിടെയുള്ളത്. എന്നാൽ, കരിന്പ് കൃഷിയിലേക്കുള്ള മാറ്റം ഈ കൂട്ടായ്മയെ ദുർബലപ്പെടുത്തിയിരുന്നു.
മറ്റു കൃഷിയുടെ രംഗപ്രവേശത്തോടെ പരന്പരാഗത കൃഷിരീതികളും ഗ്രാമീണ സംസ്കാരവും കാലത്തിന്റെ കുത്തൊഴുക്കിൽ മണ്മറയാൻ കാരണമായി. എന്നാൽ, കാരയൂർ ഉൾപ്പെടെയുള്ള അപൂർവം ചില ഗ്രാമങ്ങൾ നെൽകൃഷിയിലേക്ക് മടങ്ങിയതോടെ കണ്ണിലെ കൃഷ്ണമണിപോലെ ഇവിടുത്തെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുള്ള പരിശ്രമത്തിനാണ് തുടക്കംകുറിച്ചിരിക്കുന്നത്.