കർഷകർക്കു നൂതനസാങ്കേതികവിദ്യകൾ ലഭ്യമാക്കി കുടുംബശ്രീ കെ-ടാപ്പ് പദ്ധതി
1570133
Wednesday, June 25, 2025 1:44 AM IST
തൃശൂർ: കാർഷികമേഖലയിൽ സുസ്ഥിരവികസനം ലക്ഷ്യമിട്ടു കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്പ്) സാങ്കേതികവിദ്യകളും ആശയങ്ങളും കർഷകർക്കും സംരംഭകർക്കും ലഭ്യമാക്കുന്നു.
ഇന്ത്യയിലെ പ്രമുഖ കാർഷിക-ഭക്ഷ്യ ഗവേഷണസ്ഥാപനങ്ങളുടെ 180 സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി ടൗണ്ഹാളിൽ സംഘടിപ്പിച്ച ടെക്നോളജി ഡിസെമിനേഷൻ ക്ലിനിക്കിൽ 350 കർഷകരും സംരംഭകരും പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. എസ്. ഷാനവാസ് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലിൽ, കെ. രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ കെ.എൻ. ദീപ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, തഞ്ചാവൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, കേന്ദ്ര വാഴഗവേഷണകേന്ദ്രം, സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, കേരള കാർഷികസർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ കുടുംബശ്രീ മിഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പ്രമേഹസൗഹൃദ ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ അധിഷ്ഠിത ഉത്പന്നങ്ങൾ, ഹൈ പ്രോട്ടീൻ ലഘുഭക്ഷണങ്ങൾ, ഷുഗർഫ്രീ ഭക്ഷ്യ ഉത്പന്നങ്ങൾ, ലോ ഗ്ലൈസെമിക് ഇൻഡക്സ് ഉത്പന്നങ്ങൾ, നാച്ചുറൽ ഫുഡ് കളറുകൾ, മൾട്ടിഗ്രെയിൻ ബ്രെഡുകൾ, പലതരം ഫ്രൂട്ട് ജ്യൂസുകൾ, മുരിങ്ങ, നാളികേര, കിഴങ്ങുവിളകളുടെ മൂല്യവർധിത ഉത്പന്നങ്ങൾ, ചെറുധാന്യങ്ങൾ, അച്ചാറുകൾ, ഐസ്ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ് മിക്സുകൾ തുടങ്ങി വൈവിധ്യമാർന്നവ പദ്ധതിയിലൂടെ തയാറാക്കാൻ കഴിയും.