ഇടതുകാലിലെ മന്ത് വലതുകാലിലേക്കു മാറ്റിയപോലെ പന്നിയങ്കരയിൽ ബീവറേജസിന്റെ ഒൗട്ട്ലെറ്റ് മാറ്റം
1224511
Sunday, September 25, 2022 12:44 AM IST
വടക്കഞ്ചേരി: ഇടതുകാലിലെ മന്ത് വലതു കാലിലായി എന്നു പറയുന്നതുപോലെയാണ് പന്നിയങ്കരയിൽ ബിവറേജസിന്റെ ഒൗട്ട്ലെറ്റ് മാറ്റി സ്ഥാപിക്കൽ നടപടിയുണ്ടായത്. റോഡ് സുരക്ഷാ ഭീഷണിയെ തുടർന്നാണ് ടോൾപ്ലാസയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന ഒൗട്ട്ലെറ്റ് കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ചത്. എന്നാൽ ഒൗട്ട്ലെറ്റ് മാറ്റിയത് ദൂരേക്കൊന്നുമല്ല. ടോൾ പ്ലാസയുടെ ഇടതുഭാഗത്തെ കെട്ടിടത്തിലായിരുന്ന ഒൗട്ട്ലെറ്റ് ഇപ്പോൾ വലതുഭാഗത്തെ കെട്ടിടത്തിലേക്കാക്കി എന്ന വ്യത്യാസമെ ഉണ്ടായുള്ളു. നേരത്തെ ടോൾപ്ലാസ കഴിഞ്ഞായിരുന്നു ഒൗട്ട്ലെറ്റ്.
ഇപ്പോൾ അത് ടോൾപ്ലാസക്ക് മുന്പായി. ഇതുമൂലം റോഡ് സുരക്ഷാ ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്. പുതിയ ഒൗട്ട്ലെറ്റിന്റെ പ്രവർത്തനം ആരാധനാലയത്തിനു കൂടുതൽ അടുത്തുമായി. ഇതിനെതിരെ പ്രദേശവാസികളും വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്. ആർടിഒയുടെ എൻഫോഴ്സ്മെൻറ് വിഭാഗം റോഡ് സേഫ്റ്റി കമ്മിറ്റിക്കും എക്സൈസ് കമ്മീഷണർക്കും നൽകിയ കത്തിനെ തുടർന്നാണ് ഒൗട്ട്ലെറ്റ് മാറ്റി സ്ഥാപിച്ചത്. മാറ്റം ഇങ്ങനെയാകുമെന്ന് പ്രദേശവാസികളും കരുതിയില്ല.
ഒൗട്ട്ലെറ്റിലേക്ക് ലോഡ് ഇറക്കുന്നതുവരെ എല്ലാം അതീവ രഹസ്യമായിരുന്നു. റോഡ് സുരക്ഷയ്ക്കും ഒൗട്ട് ലെറ്റിനു മുന്നിൽ വാഹനങ്ങൾ നിർത്തുന്നതു മൂലം ടോൾ പ്ലാസ വഴി വരുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾക്കും മാർഗതടസമാകുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെന്റ് വിഭാഗം ഒൗട്ട്ലെറ്റ് മാറ്റാൻ ആവശ്യപ്പെട്ടത്. മദ്യശാല മാറ്റിസ്ഥാപിച്ച് പ്രദേശവാസികളുടെ പരാതികൾക്കു പരിഹാരം കാണണമെന്ന് നാഷണലിസ്റ്റ് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി റെജി ഉള്ളരിക്കൽ ആവശ്യപ്പെട്ടു.