ജില്ലയുടെ സുരക്ഷയെ അപകീർത്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ്: രണ്ടുപേർ അറസ്റ്റിൽ
1225098
Tuesday, September 27, 2022 12:10 AM IST
കോയന്പത്തൂർ : കോയന്പത്തൂർ ജില്ലയുടെ സുരക്ഷയെ കുറിച്ച് ട്വിറ്ററിൽ അപകീർത്തികരമായ പോസ്റ്റിട്ട രണ്ട് പേർക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു.
കോയന്പത്തൂർ ജില്ലയിൽ ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും വീടുകൾക്കും കാറുകൾക്കും നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. തുടർന്ന് കോയന്പത്തൂർ നഗരം മുഴുവന്‍ പോലീസ് സംരക്ഷണത്തിന് കീഴിലായി.
22നും 23നും ശേഷം അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ കോയന്പത്തൂർ സാധാരണ നിലയിലായപ്പോൾ ജനങ്ങളിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റായ കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോയന്പത്തൂർ മുനിസിപ്പൽ കമ്മീഷണർ ബാലകൃഷ്ണൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കോയന്പത്തൂരിന്റെയും സർക്കാരിന്റെയും സുരക്ഷയെ കുറിച്ച് രണ്ടുപേർ സോഷ്യൽ നെറ്റ്് വർക്കിംഗ് സൈറ്റായ ട്വിറ്ററിൽ ഇരുകൂട്ടരും തമ്മിൽ പ്രശ്നമുണ്ടാക്കുന്ന തരത്തിൽ മോശം വാക്കുകൾ ഉപയോഗിച്ച് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോയന്പത്തൂർ സൈബർ ക്രൈം പോലീസ് മുന്നോട്ട് വരികയും അപകീർത്തികരമായ പോസ്റ്റിട്ട കോവൈബാലു73, പ്രശാന്ത് 61035623 എന്ന ട്വിറ്റർ അക്കൗണ്ടിന്റെ ഉടമകളുടെ പേരിൽ ഐടി ആക്ട് 294 (ബി), 507, 67, വകുപ്പുകൾ പ്രകാരം കേസെടുത്തു. ഈ അക്കൗണ്ടുകളുടെ ഉടമകൾക്കെതിരെ അന്വേഷണം ഉൗർജിതമായി നടന്നുവരികയാണ്.