ലഹരി വിരുദ്ധ സമിതിയുടെ പരിശോധന തുടങ്ങി
1246761
Thursday, December 8, 2022 12:24 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിൽ ലഹരി വസ്തു ഉപയോഗ വിപണനം തടയുന്നതിനായി രൂപീകരിച്ച സമിതി ഇന്നലെ പരിശോധനകൾ ആരംഭിച്ചു.
വണ്ടിത്താവളം ഹയർ സെക്കൻഡറി സ്കൂൾ പരിസരം കേന്ദ്രീകരിച്ചാണ് മീനാക്ഷിപുരം പോലീസ്, സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടന്നത്.
വണ്ടിത്താവളം ബസ് സ്റ്റാൻഡ് പരിസരം, പഴയ ചന്തപ്പേട്ട, പച്ചക്കറിച്ചന്ത, വിളയോടി റോഡ് എന്നിവിടങ്ങളിലും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സംഘടിതമായി തെരച്ചിൽ നടത്തിയത്.
പല വിദ്യാർഥികളും അന്വേഷണ സംഘത്തെകണ്ടു സ്ഥലംവിട്ടു. ഇതിനിടെ പ്രശ്നക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട ഒരു വിദ്യാർഥിയുടെ രക്ഷിതാവിനെ അന്വേഷണസംഘം നേരിൽ കണ്ട് മകന്റെ നിലപാടിൽ നിയന്ത്രണം വേണമെന്ന് നിർദ്ദേശിച്ചു മടങ്ങി.
എന്നാൽ മിനുട്ടുകൾക്കുള്ളിൽ ഈ വിദ്യാർഥി സ്കൂൾ പ്രിൻസിപ്പലിനെ മൊബൈലിൽ വിളിച്ച് ശക്തമായ രീതിയിൽ പ്രതികരിച്ചു. സ്കൂൾ പ്രവേശന സമയം കഴിഞ്ഞ് എത്തിയ പത്തോളം വിദ്യാർഥികളെ തടഞ്ഞു നിർത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം വിദ്യാർഥികളുടെ ബാഗുകൾ തുറന്നു പരിശോധിച്ചു. സമയം വൈകിയെത്തിയതിനാൽ സ്കൂളിൽ കയറ്റാതെ തിരിച്ചുവിടുകയും ചെയ്തു. ഈ വിദ്യാർഥികളെ നേരത്തെ എത്തിച്ച് സ്കൂളിനകത്തു ചട്ടങ്ങൾ നിർദേശിക്കാനും ഇതു ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനും തീരുമാനിച്ചു.
ഇരുചക്രവാഹനത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തു ലഹരിവസ്തു വിദ്യാർഥികൾക്കു വില്പന നടത്താൻ വരുന്നവരെ പിടികൂടാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഇന്നലെ സ്കൂൾ പ്രിൻസിപ്പൽ ഹേമ, രക്ഷകർതൃസമിതി അധ്യക്ഷൻ ഹരിദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. സുരേഷ്, മീനാക്ഷിപുരം പോലീസുമാണ് പരിശോധന നടത്തിയത്.