കുന്തിപ്പുഴയുടെ ശുദ്ധീകരണത്തിനു നടപടി ആവശ്യപ്പെട്ട് എംഎൽഎ
1247207
Friday, December 9, 2022 1:00 AM IST
മണ്ണാർക്കാട് : നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിക്കുന്ന കുന്തിപ്പുഴയുടെ നവീകരണത്തിനു നടപടിയുണ്ടാവണമെന്ന് എൽ. ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
കുന്തിപ്പുഴയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നാണ് റിപ്പോർട്ട്. ഇതു പരിഹരിക്കുന്നതിന് നടപടി ഉണ്ടാവുമോ എന്നാണ് എൻ. ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ സബ് മിഷനിലൂടെ ചോദിച്ചത്.
കുടിവെള്ള പദ്ധതികൾക്ക് ട്രീറ്റ്മെന്റ് പ്ലാന്റ് നിർബന്ധമാക്കുന്നുണ്ടോയെന്നും എംഎൽഎ ചോദിച്ചു. കൂടാതെ കഴിഞ്ഞ പ്രളയം മുതൽ വെള്ളം കുത്തിയൊഴുകി കര പുഴയാവുകയും പുഴ കരകവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്. കൂടാതെ പലരുടെയും വീടിനും സ്ഥലത്തിനും ഭീഷണിയാകുന്ന അവസ്ഥയും നിലനില്ക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുന്തിപ്പുഴ സംരക്ഷണ പദ്ധതി എന്ന പേരിൽ ഒരു പാക്കേജ് അനുവദിക്കാൻ കഴിയുമോയെന്നും എംഎൽഎ ചോദിച്ചു.
കുന്തിപ്പുഴയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ എംഎൽഎയുടെ ചോദ്യത്തിനു മറുപടി നല്കി.
പുഴ ഗതിമാറി ഒഴുകുകയും പലരുടെയും വീടിനും സ്ഥലത്തിനും ഭീഷണിയാവുകയും ചെയ്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടിയെടുക്കാമെന്നും മന്ത്രി പറഞ്ഞു.