ലോഗോ തയാറാക്കിയത് ശാരീരിക വെല്ലുവിളിയെ തോൽപിച്ച മാട്ടി മുഹമ്മദ്
1265588
Tuesday, February 7, 2023 12:04 AM IST
പാലക്കാട്: സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയാറാക്കിയത് ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരനും ശാരീരിക വെല്ലുവിളികളെ കലാ പ്രവർത്തനം കൊണ്ട് മറികടന്ന ചിത്രകാരനുമായ മാട്ടി മുഹമ്മദ്.
മലപ്പുറം ഉമ്മത്തൂർ സ്വദേശിയായ മുഹമ്മദ് തന്റെ തൂലികാ നാമമായി ഉപയോഗിക്കുന്നതാണ് ’മാട്ടി’ എന്ന പേര്.
ജന്മനാ വലതു കൈയില്ലാത്ത മുഹമ്മദ് കുട്ടിക്കാലം മുതൽ ശാരീരിക വെല്ലുവിളികളെ മറന്നത് തന്റെ ഇഷ്ടമേഖലയായ ചിത്രകലയിലൂടെയാണ്.
വീട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെ പ്രോത്സാഹനം മുഹമ്മദിന് ഉൗർജമായി. സ്കൂൾ പഠനകാലം മുതൽ തന്നെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമൊക്കെ പുരസ്കാരങ്ങൾ നേടി.
ചിത്രകലയിൽ കെജിടിഇ കോഴ്സ് പൂർത്തിയാക്കി. തുടർന്ന് മാട്ടി അഡ്വർടൈസിങ്ങ് എന്ന സ്ഥാപനം ആരംഭിച്ചു. നിരവധി ചിത്ര പ്രദർശനങ്ങളും മാട്ടി മുഹമ്മദ് നടത്തിയിട്ടുണ്ട്. 2013 ൽ വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. ഒൗദ്യോഗിക തിരക്കുകൾക്കിടയിലും വരയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. നിലവിൽ പൊന്മള ഗ്രാമപ്പഞ്ചായത്തിലെ എൽ ഡി ക്ലാർക്കായ മുഹമ്മദ് 2010 ൽ സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.
ഭാര്യ മുംതാസ്, മക്കളായ മുർഷിദ സഫാൻ, റിയ എന്നിവർ മുഹമ്മദിന്റെ ചിത്രകലാ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്.