നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി
1278768
Saturday, March 18, 2023 11:58 PM IST
ആലത്തൂർ: നെല്ല് കൊയ്ത് ഒരു മാസമായിട്ടും സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കാവശേരി കൃഷിഭവനു മുന്നിൽ നെല്ലുപേക്ഷിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാവശേരി വേപ്പിലശേരി വേലൂർ വീട്ടിൽ കെ.വി. രാകേഷാണ് കൃഷിഭവന് മുന്നിൽ ഒരു ട്രാക്ടറോളം നെല്ല് മുൻവശത്തു കൂട്ടിയിട്ട് കയ്യിൽ പെട്രോൾ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നെല്ല് സംഭരണം വൈകിയതിലുള്ള മനോവിഷമമാണ് ഇത്തരം പ്രവർത്തിക്കു പ്രേരിപ്പിച്ചതെന്ന് രാകേഷ് പറഞ്ഞു. കഴിഞ്ഞ 22 ദിവസമായി കൊയ്ത്തു കഴിഞ്ഞ് നെല്ല് വീട്ടിൽ സംഭരിച്ചിരിക്കുകയായിരുന്നു.
നെല്ല് സൂക്ഷിക്കാൻ പ്രത്യേക സൗകര്യമില്ലാത്തതിനാൽ വീടിനടുത്ത് ഷെഡ് കെട്ടിയായിരുന്നു സംഭരിച്ചിരുന്നത്. നെല്ലു ശേഖരിച്ച് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും സംഭരണം വൈകുന്നതിനെതിരെ നിരവധി തവണ കൃഷി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനാലാണ് രാജേഷ് പെട്രോളുമായി കൃഷി ഓഫീസ് മുൻപിൽ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ നെല്ല് എടുക്കാൻ മില്ലുകാർ എത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്.