ഷീ ലോഡ്ജ് പദ്ധതി വൈകുന്നു, അധികൃതർ മൗനത്തിൽ
1280428
Friday, March 24, 2023 12:33 AM IST
ഒറ്റപ്പാലം: നഗരസഭയുടെ ഷീ ലോഡ്ജ് പദ്ധതി അനന്തമായി വൈകുന്നു. പ്രവർത്തന സജ്ജമാക്കി രണ്ടുവർഷമായിട്ടും ഷീ ലോഡ്ജ് പ്രവർത്തനം തുടങ്ങാത്തതിനെ കുറിച്ച് ബന്ധപ്പെട്ടവർക്കും മിണ്ടാട്ടമില്ല.
രാത്രിയിൽ ഒറ്റപ്പാലത്തെത്തുന്ന വനിതകൾക്ക് താമസിക്കുന്നതിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് നഗരസഭാ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തനസജ്ജമായത്.
സുരക്ഷ സംവിധാനങ്ങൾ കൂടി ഒരുക്കാനുള്ളതുകൊണ്ടാണ് പ്രവർത്തനം തുടങ്ങാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം.
നഗരസഭാ ബസ് സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ഷി ലോഡ്ജ് നിർമിച്ചിട്ടുള്ളത്.
ആദ്യഘട്ടമെന്ന നിലയ്ക്ക് അഞ്ച് കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് ശൗചാലയങ്ങളുള്ള കേന്ദ്രത്തിൽ കട്ടിൽ, മേശ, ഫാൻ തുടങ്ങിയവയുണ്ട്. താമസക്കാർക്ക് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളുമൊരുക്കും.
മുൻ ഭരണസമിതി 2019ൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പെന്നും തീരുമാനിച്ചിരുന്നു.
ഇതിനുവേണ്ടി നഗരസഭ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തു.
യൂണിറ്റിനെ തെരഞ്ഞെടുക്കുന്ന മുറക്ക് കൗണ്‍സിലിന്റെ അംഗീകാരം നേടി ഷി ലോഡ്ജ് പ്രവർത്തനമാരംഭിക്കാനായിരുന്നു പദ്ധതി. രണ്ടുലക്ഷം രൂപയുടെ പണികൾ കൂടി നടത്തി കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.