മേഴ്സി കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഗിസല ജോർജ് പടിയിറങ്ങുന്നു
1282773
Friday, March 31, 2023 12:26 AM IST
ജിമ്മി ജോർജ്
പാലക്കാട്: അക്കാദമിക് കരിയറിൽ നിരവധി അപൂർവതകൾ കുറിച്ച പ്രിൻസിപ്പൽ ഓദ്യോഗിക സേവനത്തിന്റെ പടിയിറങ്ങുന്നു.
പാലക്കാട് മേഴ്സി കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഗിസല ജോർജ് സിഎംസി ആണ് സ്ഥാനത്തു നിന്ന് വിരമിക്കുന്നത്. ഒൗദ്യോഗികമായി വിരമിക്കൽ തിയതി മേയ് 31 ആണെങ്കിലും കോളജ് അടയ്ക്കുന്നതിനാൽ വിദ്യാർഥിനികൾ തങ്ങളുടെ പ്രിയ പ്രിൻസിപ്പലിന് ഇന്നലെ ഹൃദ്യമായ യാത്രയയപ്പ് നല്കി. കോളജിലെ അധ്യാപകരുടേയും ജീവനക്കാരുടേയും യാത്രയയപ്പ് ഇന്ന് നടക്കും.
2020 ജൂണ്‍ ഒന്നിനാണ് ഡോ. സിസ്റ്റർ ഗിസല ജോർജ് മേഴ്സി കോളജിന്റെ പ്രിൻസിപ്പലായി ചാർജെടുക്കുന്നത്. അതിനു മുന്‍പ് കോളജിലെ തന്നെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു.
സന്യാസിനി ആയ, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വനിതാ പ്രിൻസിപ്പൽ എന്ന അപൂർവത ഈ നിയമനത്തിലുണ്ടായിരുന്നു.
ചേർത്തല പട്ടണക്കാട് കാവിൽ പരേതരായ വർഗീസി (വർക്കിക്കുഞ്ഞ്) ന്റെയും കൊച്ചുത്രേസ്യയുടേയും പത്തുമക്കളിൽ ഏറ്റവും ഇളയവളായാണ് ഗിസല ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസം കാവിൽ സെന്റ് മൈക്കിൾസ് യുപി സ്കൂൾ, ചേർത്തല സെന്റ് മേരീസ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി പഠനം. സുവോളജിയായിരുന്നു ഡിഗ്രിക്ക് പഠിച്ചത്. സ്കൂൾ കാലയളവു മുതൽ സ്പോർട്സിനോട് താത്പര്യം ഉണ്ടായിരുന്നു. സ്കൂൾ തലത്തിൽ സമ്മാനങ്ങളും ലഭിച്ചു.
കോളജിൽ പഠിക്കുന്പോൾ സർവകലാശാല തലത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡിഗ്രിക്കു ശേഷം കാരക്കുടി അളഗപ്പ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ നിന്ന് എംപിഎഡ് നേടി.
തുടർന്ന് കോയന്പത്തൂരിൽ സിഎംസി സിസ്റ്റേഴ്സിന്റെ സ്കൂളിൽ ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. പോണ്ടിച്ചേരിയിൽ നിന്ന് എംഫിലും പൂർത്തിയാക്കി.
സ്കൂൾ പഠനകാലത്തു തന്നെ സന്യാസിനി ആകാനുള്ള താത്പര്യം മനസിൽ ഉടലെടുത്തിരുന്നു. ഗിസല ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോഴാണ് മദർ തെരേസയ്ക്ക് നോബൽ സമ്മാനം ലഭിക്കുന്നത്.
തുടർന്ന് സന്യാസിനിയാകാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കുറച്ചുകൂടി മുതിർന്നതിനു ശേഷം ആലോചിക്കാം എന്ന നിലപാടിലായിരുന്നു വീട്ടുകാർ.
1992 ൽ പാലക്കാട് ജയ്ക്രിസ്റ്റോയിൽ നടന്ന ക്യാന്പിൽ പങ്കെടുത്തതോടെ സന്യാസിനി ആകാനുള്ള തീരുമാനം ഉറപ്പിച്ചു. 1996 ഏപ്രിലിൽ സന്യാസവസ്ത്രം സ്വീകരിച്ചു. തുടർന്ന് 1996 ഓഗസ്റ്റ് 29 ന് മേഴ്സി കോളജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
സന്യാസജീവിതത്തിലെ ആത്മീയമായ ചിട്ടവട്ടങ്ങളോടൊപ്പം സ്പോർട്സും ഒന്നിച്ചുകൊണ്ടുപോകാൻ തനിക്കു കഴിഞ്ഞത് സഭാ അധികാരികളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടുമാത്രമാണെന്ന് സിസ്റ്റർ ഗിസല പറയുന്നു.
സ്പോർട്സിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കോളജുകളിൽ ഒന്നായിരുന്ന മേഴ്സി കോളജിനെ അതേ നിലവാരം സൂക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ദൈവാനുഗ്രഹത്താൽ സാധിച്ചതായി സിസ്റ്റർ ഓർക്കുന്നു.
2006 ൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 2012 ൽ ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് സൈക്കോളജിയും 2015- 17 ൽ എംഎസ്ഡബ്ല്യു വും പൂർത്തിയാക്കി.
കൊറോണക്കാലത്താണ് പ്രിൻസിപ്പലായുള്ള നിയോഗം തേടിയെത്തുന്നത്. ഓണ്‍ലൈൻ രീതിയിൽ കോളജിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നതായി സിസ്റ്റർ പറഞ്ഞു.
സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് നിറചിരിയോടെ സിസ്റ്റർ ഗിസല പറയുന്നു.
തന്റെ സേവനകാലത്ത് നിർവഹിക്കാനായ എല്ലാ കാര്യങ്ങൾക്കും തന്നെ പ്രാപ്തയാക്കിയതിന് ദൈവത്തിനോടും അതിന് തന്റെ ഒപ്പം നിന്ന എല്ലാവരോടും കൃതജ്ഞതയുള്ളതായും സിസ്റ്റർ പറഞ്ഞു.