ദീപാലങ്കാര പ്രദർശനം ഇന്നുമുതൽ
1283070
Saturday, April 1, 2023 12:58 AM IST
നെന്മാറ: വർണ്ണ വിസ്മയം ഒളിപ്പിച്ചുവെച്ച ബഹുനില ആനപ്പന്തലുകളിലെ ദീപാലങ്കാരങ്ങളുടെ പ്രദർശനം ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നാലുദിവസം. ദീപാലകൃത പ്രദർശനം ആരംഭിക്കുന്നതോടെ വേലയുടെ പ്രതീതിയിൽ നെന്മാറ ടൗണ്‍ തിരക്കിലാവും. പന്തലുകളിൽ കന്പ്യൂട്ടർ നിയന്ത്രിത ദീപാലങ്കാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രദർശിപ്പിക്കുന്ന ഡിസൈനുകളും വൈചിത്രവും രഹസ്യം സൂക്ഷിച്ച് ഇരു ദേശപ്പന്തലുകളിലും പ്രദർശിപ്പിക്കും. ഒരു ബൾബിൽ നിന്ന് തന്നെ വ്യത്യസ്ത നിറങ്ങൾ പ്രകാശിപ്പിക്കാൻ കഴിയുന്ന ചിപ്പ് സംവിധാനമുള്ള പിക്സൽ നിയോണ്‍ എൽഇഡി ബൾബുകൾ ആണ് ദീപാലങ്കാരത്തിന് ഉപയോഗിക്കുന്നത്. രണ്ട് ലക്ഷത്തോളം ബൾബുകൾ ഇതിനായി ഓരോ പന്തലുകളിലും ഉപയോഗിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള പിക്സൽ ബൾബുകൾ ആയതിനാൽ ഒരു ബൾബിന് തടസ്സം നേരിട്ടാലും ദീപാലങ്കാരത്തിലെ മറ്റു ബൾബുകൾക്ക് തടസമില്ലാതെ പ്രകാശിക്കും. ജനറേറ്റർ ഉപയോഗിച്ച് പൂർണമായും ഡിസി കറന്റിൽ പ്രവർത്തിക്കുന്ന ബൾബുകളാണ് ദീപാലങ്കാരത്തിന് ഉപയോഗിച്ചിട്ടുള്ളത്. ആയതിനാൽ മഴ പെയ്തു നനയുകയോ മറ്റോ ചെയ്താലും ഷോട്ട് സർക്യൂട്ട്, ഷോക്ക് എന്നിവ ഉണ്ടാവുകയില്ല.