രണ്ടായിരം രൂപ നോട്ടിന് അപ്രഖ്യാപിത വിലക്ക്
1299221
Thursday, June 1, 2023 1:25 AM IST
ഒറ്റപ്പാലം: രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് അപ്രഖ്യാപിത വിലക്കെന്ന് ആക്ഷേപം.
രണ്ടായിരത്തിന്റെ നോട്ടുകൾ കച്ചവട സ്ഥാപനങ്ങളും വ്യാപാര വ്യവസായ കേന്ദ്രങ്ങളിലും സ്വീകരിക്കുന്നില്ലന്നാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്.
രണ്ടായിരം രൂപയുടെ നോട്ടുകൾ വിനിമയം ചെയ്യുന്നതിനു വിലക്കില്ലെന്നു ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്പോഴും സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ നോട്ട് വാങ്ങാൻ തയാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
ബാങ്കുകൾ നിയന്ത്രണങ്ങളോടെ നോട്ട് മാറ്റി നൽകുന്നുണ്ട്. എന്നാൽ, ബവ്റിജസ് ഷോപ്പുകളിലും പെട്രോൾ പന്പുകളിലുമെല്ലാം നോട്ട് സ്വീകരിക്കാൻ മടി കാണിക്കുന്നതായാണു ഉയർന്നു വന്നിട്ടുള്ള ആക്ഷേപം. ദീർഘദൂര ബസുകളിലും രണ്ടായിരം രൂപ സ്വീകരിക്കാത്ത സ്ഥിതിയാണ്.
അതേ സമയം ട്രഷറി വഴി രണ്ടായിരത്തിന്റെ നോട്ട് മാറ്റിയെടുക്കുന്നതിൽ തടസങ്ങളില്ല.രണ്ടായിരത്തിന്റെ നോട്ടുകൾ കൈവശമുള്ളവർ ശരിക്കും പുലിവാലു പിടിച്ച സ്ഥിതിയാണ്.
പണം കൈയ്യിലുണ്ടായിട്ടും ഉപയോഗത്തിന് കഴിയാഞ്ഞ അവസ്ഥയാണ് ഇവരെ കുഴയ്ക്കുന്നത്. ഫലത്തിൽ രണ്ടായിരം രൂപയുടെ നോട്ടുകൾ നിരോധിച്ചിട്ടില്ലെങ്കിലും പരോക്ഷമായി നിരോധനം നിലവിൽ വന്ന സ്ഥിതിയാണ്.