പാലക്കാട്: കനത്ത വിലയിടിവ്, താറുമാറായ സംഭരണം എന്നിവ മൂലം പ്രതിസന്ധിയിലായ നാളി കേരകർഷകരെ കടക്കെണിയിൽനിന്ന് മോചിപ്പിച്ച് കേരകൃഷിയുടെ അന്തസ് വീണ്ടെടുക്കാൻ സർക്കാർ സംവിധാനമൊരുക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരളകർഷകയൂണിയന്റെ സഹകരണത്തോടെ 100 കേന്ദ്രങ്ങളിൽ നടത്തുന്ന കേരകർഷക സൗഹൃദസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം തേങ്കുറിശി പഞ്ചായത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാളികേരസംഭരണവില ഉയർത്തുക, സംഭരണം ശക്തിപ്പെടുത്തുക, എന്നിവയിൽ അടിയന്തര ഇടപെടൽവേണം. കേരകൃഷി ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് ഊന്നൽ നൽകണം. ശാസ്ത്രീയ തെങ്ങ് പരിപാലനത്തിന് പിന്തുണാസംവിധാനങ്ങൾ ഉണ്ടാകണം.രോഗപ്രതിരോധശേഷിയും ഉത്പാദനമികവും ഉള്ള നാളികേരവിത്തുകൾ കർഷകർക്ക് സൗജന്യമായി വിതരണംചെയ്യുക, രോഗബാധയുള്ള തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നടാൻ സർക്കാർ സബ്സിഡി നൽകുക എന്നിവയിലും സർക്കാരിന്റെ അടിയന്തിര ശ്രദ്ധവേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തേങ്കുറിശി, വണ്ടാഴി, എലവഞ്ചേരി, കിഴക്കഞ്ചേരി, വടക്കഞ്ചേരി എന്നീ കേന്ദ്രങ്ങളിൽ കർഷകരെ ആദരിച്ചും കൃഷിയിടങ്ങളിൽ സ്മൃതിമരം നട്ടുമാണ് സംഗമംസംഘടിപ്പിച്ചത്. ജില്ലാപ്രസിഡന്റ് ജോബിജോൺ അധ്യക്ഷനായി. നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, ടി.കെ. വത്സലൻ, വി.എ. ബെന്നി, വി.കെ. വർഗീസ്, എൻ.പി. ചാക്കോ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ചാർലി മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രജീഷ് പ്ലാക്കൽ, നേതാക്കളായ വി.കെ. സുബ്രഹ്മണ്യൻ, എസ്. സൂന്ദർരാജ്, മണികണ്ഠൻ എലവഞ്ചേരി, ഉണ്ണികുമാർ, എൻ.വി. സാബു, ടോമി പാലക്കൽ, വി.എ. ആന്റോ, കെ.വി. മോഹനൻ, ഷാജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.