ധനസഹായത്തിനായി കർഷകരുടെ മുറവിളി
1395852
Tuesday, February 27, 2024 6:10 AM IST
ചിറ്റൂർ : ജലവിതരണത്തിലെ അപാകത കാരണം നെൽകൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നല്ലേപ്പിള്ളി പാടശേഖര സമിതി കർഷകർ.
തേമ്പാർമട മെയിൻ കനാലിന്റെ ഒന്നാമത്തെ ബ്രാഞ്ചു കനാലാണ് നല്ലേപ്പിള്ളി. ഈ കനാലിന്റെ മൂന്നര കിലോ മീറ്റർ ദൂരത്തുള്ള നെൽകൃഷി വെള്ളം കിട്ടാതെ ചിലയിടങ്ങളിൽ പൂർണ്ണമായും ഉണങ്ങി നശിച്ച നിലയിലാണുള്ളത്. നെൽകൃഷിയുടെ എല്ലാ പണികളും കഴിഞ്ഞ് നിര കതിർ ആകുന്ന സമയത്താണ് പൂർണ്ണമായി ഉണക്കം തട്ടുന്നത്.
കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചു കർഷകർക്ക് വാങ്ങിച്ച കടം കൊടുക്കാനും കഴിയാത്ത അവസ്ഥയും അടുത്ത വിളയിറക്കാനും പണം വേറെ കണ്ടെത്തേണ്ടതായ സാഹചര്യമാണുള്ളത്.
വെള്ളം കിട്ടാതെ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകരുടെ കൃഷിസ്ഥലം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി സർക്കാരിലേക്കു റിപ്പോർട്ട് കൊടുത്ത് നഷ്ടപരിഹാരം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നല്ലേപ്പിള്ളിയിലെ കർഷകനും മൂച്ചിക്കുന്നു പാടശേഖര സമിതി കർഷകരുടെ അടിയന്തര ആവശ്യമായിരിക്കുന്നത്.