രണ്ടര ഏക്കർ കൃഷിഭൂമിയിൽ വിത്തുപാകി കുട്ടിക്കർഷകൻ
1425217
Monday, May 27, 2024 1:17 AM IST
കൊല്ലങ്കോട്: ആണ്ടികുളമ്പിൽ കുട്ടി കർഷകനും വിദ്യാർഥിയുമായ 13കാരൻ ആദിത്യൻ തന്റെ രണ്ടര ഏക്കർ ഭൂമിയിൽ നെൽകൃഷിക്കായി വിത്തു പാകിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ഇടമഴയാണ് കൃഷിപ്പണി തുടങ്ങാൻ സഹായമായത്.
ഈ വർഷം ഒൻപതാം ക്ലാസിലേക്ക് വിജയിച്ച ആദിത്യൻ പഠിത്തത്തോടൊപ്പം കൃഷി പാഠത്തിലും ഉത്സാഹത്തോടെ പയറ്റിത് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം വിദ്യാർഥി കർഷകനുള്ള സംസ്ഥാന പുരസ്ക്കാരത്തിന് ജില്ലയിൽനിന്ന് കൃഷിവകുപ്പ് ആദിത്യന്റെ പേരും ശുപാർശ ചെയ്തിരുന്നു.
പാടത്തും ചളിയിലും ഇറങ്ങാൻ മടിക്കുനവരിൽനിന്നു വേറിട്ട ചിന്താഗതിയിലാണ് മിടുക്കനായ കുട്ടിക്കർഷകൻ മുന്നോട്ട് നിങ്ങുന്നത്.
മണ്ണിന്റെ നന്മ തിരിച്ചറിയുന്ന നല്ല കർഷകനാവണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് തുറന്നു പറയുന്നതിലും അഭിമാനം കൊള്ളുന്നുണ്ട്.
ആണ്ടികുളമ്പ് ധർമ്മരാജൻ- ജയന്തി ദമ്പതികളുടെ മകനായ ആദിത്യന്റെ ആഗ്രഹങ്ങൾക്ക് ഇവർ പച്ചക്കൊടിയുമായി പൂർണപിന്തുണ നൽകി വരുന്നുമുണ്ട്. വടവന്നൂർ വേലായുധൻ മെമ്മോറിയൻ ഹയർ സെക്കൻറി സ്കൂളിലാണ് ആദിത്യന്റെ പഠനം.