ഇടക്കുർശിയിൽ വെള്ളക്കെട്ട്; രോഗഭീതിയിൽ സമീപവാസികൾ
1425449
Tuesday, May 28, 2024 1:49 AM IST
കല്ലടിക്കോട്: ദേശീയപാതയ്ക്കു സമീപം ഇടക്കുർശിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ. ശിരുവാണി കവലയ്ക്കു സമീപം തമ്പുരാൻചോല റോഡിൽ അങ്കണവാടിക്കു താഴെ പാടത്താണ് മഴയെത്തുടർന്ന് വെള്ളം കെട്ടികിടക്കുന്നത്. ദിവസങ്ങളായി കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടുണ്ട്.
സമീപത്തെ കിണറുകളിലേയ്ക്കും ജലാശയങ്ങളിലേയ്ക്കും ഈ വെള്ളം ഒഴുകിയെത്താനും തുടങ്ങിയിട്ടുണ്ട്. കനാലിനോടുചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് മണ്ണും കല്ലും ഇട്ടിരിക്കുന്നതിനാൽ വെള്ളം ഒഴുക്കികളയാനും സാധിക്കുന്നില്ല. പ്രദേശ വാസികൾ അധികാരികൾക്ക് നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. മണ്ണ് നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തണമെന്നും രോഗഭീതി അകറ്റണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.