കുടുംബശ്രീ കരാട്ടെസംഘം റെഡി
1430735
Saturday, June 22, 2024 1:19 AM IST
പാലക്കാട്: ജില്ലാ കുടുംബശ്രീ കേരള സ്പോർട്സ് അക്കാദമിയുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കായി നടപ്പിലാക്കിയ ഒരുവർഷത്തെ കരാട്ടെ പരിശീലനം- ധീരം ആദ്യബാച്ച് വിജയകരമായി പൂർത്തിയാക്കി.
2023 ജൂണ്‍ 18ന് ചിറ്റൂർ, ചെർപ്പുളശ്ശേരി കേന്ദ്രങ്ങളിലായി ആരംഭിച്ച കരാട്ടെ പരിശീലനം മുപ്പതോളം വനിതകളാണ് പൂർത്തീകരിച്ചത്. സംസ്ഥാനതലത്തിൽ പരിശീലനം ലഭിച്ച രണ്ടു വനിതാ പരിശീലകരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള യൂണിഫോം വിതരണം സാഹിത്യകാരൻ മണ്ണൂർ രാജകുമാരനുണ്ണി നിർവഹിച്ചു.
കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ.കെ. ചന്ദ്രദാസ് അധ്യക്ഷനായി. പരിശീലനം ലഭിച്ചവർ വിവിധ മേഖലകളിൽ കരാട്ടെ പരിശീലനം നൽകി വരുമാനം ഉറപ്പാക്കുക എന്നതും വനിതകൾ സ്വയം പ്രതിരോധം പഠിച്ച് സജ്ജരാകുക എന്നതുമാണ് ധീരം പദ്ധതിയുടെ ലക്ഷ്യമെന്നു ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.
കുടുംബശ്രീ ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ, സിഡിഎസ്സ് ചെയർപേഴ്സണ്‍ ജനപ്രതിനിധികൾ പങ്കെടുത്തു.