ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത് ആലത്തൂർ വിത്തുത്പാദന കേന്ദ്രത്തിൽ
1461241
Tuesday, October 15, 2024 6:05 AM IST
ആലത്തൂർ: ഇനി രണ്ടാംവിളയ്ക്ക് ഞാറിനും ഞാറ്റടിക്കുമായി കർഷകർ നെട്ടോട്ടം ഓടേണ്ടിവരില്ല. ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആലത്തൂർ സംസ്ഥാന വിത്തുത്പാദനകേന്ദ്രത്തിൽ കർഷകർക്കായി മികച്ച ഇനം ഞാറ്റടി തയ്യാറാക്കി നൽകും. സംസ്ഥാനത്തു ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
മികച്ചയിനം വിത്തുകൾ തെരഞ്ഞെടുത്തു കാലാവസ്ഥാവ്യതിയാനം, വന്യജീവിശല്യം, കീട രോഗബാധ എന്നിവയെ അതിജീവിച്ചു ഞാറ്റടി തയ്യാറാക്കുന്നതിൽ കർഷകർക്ക് വലിയ പ്രതിസന്ധികൾ ആണ് ഇന്ന് നേരിടേണ്ടി വരുന്നത്. ഞാറ്റടിക്കായി വലിയ ചെലവും കർഷകർക്ക് മുടക്കേണ്ടി വരുന്നുണ്ട്. ഈ പ്രതിസന്ധിക്കു പരിഹാരമായിട്ടാണ് പാലക്കാട് ജില്ലാപഞ്ചായത്ത് 2024 -25 സാമ്പത്തിക വർഷം സീഡ് ഫാമുകളിലൂടെ നെൽകൃഷിക്കായി ഞാറ്റടി വിതരണ പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്.
ഈ വർഷം ആലത്തൂർ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലൂടെ 100 ഏക്കർ ഞാറ്റടി തയ്യാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് പദ്ധതി മറ്റു ഫാമുകളിലൂടെ നടപ്പിലാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അറിയിച്ചു.
വരുന്ന രണ്ടാംവിളക്ക് ആലത്തൂർ സംസ്ഥാന വിത്തുത്പാദനകേന്ദ്രത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉമ ഇനത്തിൽപ്പെട്ട നെൽവിത്തിന്റെ ഫൗണ്ടേഷൻ 2 ഇനത്തിൽപ്പെട്ട വിത്തുകൾ ശാസ്ത്രീയമായ രീതിയിൽ വിത്തുപരിചരണം നടത്തി മികച്ച നടീൽമിശ്രിതം ഉപയോഗിച്ച് ട്രേകളിൽ തയ്യാറാക്കിയാണ് ഞാറ്റടി തയ്യാറാക്കുന്നത്.
15 ദിവസങ്ങൾ ശാസ്ത്രീയ പരിചരണം നൽകി സീഡ് ഫാമിൽ വളർത്തിയെടുക്കുന്ന ഞാറ്റടിയുടെ വളപ്രയോഗം, ബാക്റ്റീരിയൽ രോഗം, ഇലപ്പേൻ എന്നിവയ്ക്കെതിരെ ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുന്നു.
ഈ ഞാറ്റടി ഉപയോഗിച്ച് നടുന്നതിനായി നടീൽ യന്ത്രങ്ങൾ ഉപയോഗിക്കേണ്ടതായി വരും. സീഡ് ഫാമിൽ നിന്നും കർഷകർക്ക് ഞാറ്റടി വണ്ടിയിൽ മടക്കി കൊണ്ടുപോകാൻ സാധിക്കുന്നതാണ്. ഒരു ഏക്കർ നടുന്നതിനായി 80 ട്രേകളിലെ ഞാറ്റടി ആവശ്യമായി വരും. ഒരു ഏക്കർ ഞാറ്റടിക്കു 3000 രൂപയാണ് ഈടാക്കുന്നത്.
ഞാറ്റടി വിതരണപദ്ധതിയുടെ ഉദ്ഘാടനം ഇന്നുരാവിലെ ഒന്പതിന് ആലത്തൂർ വിത്തുത്പാദന കേന്ദ്രത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കും. വൈസ് പ്രസിഡന്റ് വി. ചാമുണ്ണി അധ്യക്ഷത വഹിക്കും.