സര്‍ക്കാര്‍ നല്കുന്നതു കാലഘട്ടത്തിനനുസരിച്ച ആധുനിക ചികിത്സ: ആരോഗ്യ മന്ത്രി
1560736
Monday, May 19, 2025 1:29 AM IST
ഒറ്റപ്പാലം: ആരോഗ്യമേഖലയില്‍ ആര്‍ദ്രം മിഷന് വഴി കാലഘട്ടത്തിനനുസരിച്ച് ആധുനിക ചികിത്സയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നിര്‍മാണം പൂര്‍ത്തീകരിച്ച ഒ പി, കാഷ്വാല്‍റ്റി ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രോഗനിര്മാര്ജ്ജനം ഉറപ്പുവരുത്തി ജീവിതശൈലി രോഗങ്ങള്‍ കുറച്ച് ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുംവിധം ആരോഗ്യഭദ്രതയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായി.
ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്മാന് പി. രാമചന്ദ്രന്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ജാനകീദേവി, ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, നഗരസഭാ വൈസ് ചെയര്മാന് കെ. രാജേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സുനീറാമുജീബ്, കെ. അബ്ദുള്‍ നാസര്‍, ഫൗസിയ ഹനീഫ, ടി. ലത, പി. മായ, വാര്‍ഡ് കൗണ്‍സിലര്‍ പി. കല്യാണി , താലൂക്ക് ആശുപത്രി സൂപ്രണ്ട് (ഇന്‍ ചാര്‍ജ്) ഡോ. ഷിജിന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ത്രീകളുടെ ആര്‍ത്തവ ദിനങ്ങളുമായി ബന്ധപ്പെടുത്തി എല്‍എസ്എന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകവും ശ്രദ്ധേയമായി.