ഡോ. എം. അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ
ശ്രീകുമാർ ഉണ്ണിത്താൻ
Friday, August 22, 2025 3:17 PM IST
തിരുവനന്തപുരം: ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ. തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലാണ് അനുസ്മരണ യോഗം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ എം.എം. ഹസൻ, കെ.സി. ജോസഫ്, വ്യവസായി എം. എ യൂസഫലി, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, എസ്. ഹരി കിഷോർ ഐഎഎസ്, ഡോ. അനിരുദ്ധന്റെ മകൻ അരുൺ, അജിത്ത് കോളശേരി, പ്രവാസി നേതാക്കൾ, ഫൊക്കാന നേതാക്കൾ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യാക്കാരന് എന്നതില്‍ എന്നും അഭിമാനിച്ച വ്യക്തിത്വമായിരുന്നു ഡോ. എം. അനിരുദ്ധൻ എന്ന് പിണറായി വിജയന് പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാംഗവും ശാസ്ത്ര ഗവേഷകനും ഫൊക്കാന പ്രഥമ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനുമായിരുന്ന ഡോ. എം. അനിരുദ്ധന് അനുസ്മരണ യോഗത്തില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെയും കേരളത്തിലേയും അനിരുദ്ധനൊപ്പമുളള സൗഹൃദ നിമിഷങ്ങളും അനുഭവങ്ങളും മുഖ്യമന്ത്രി ഓര്‍മിച്ചു.
സഹോദരതുല്യമായ സ്നേഹമായിരുന്നു പരസ്പരമുണ്ടായിരുന്നതെന്നും എം. അനിരുദ്ധന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. അനിരുദ്ധന്റെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ഥമായ സേവനവും നേര്ക്ക റൂട്ട്സിന്റെ ഉന്നതിക്ക് സഹായകരമായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച വി. ശിവന്‍കുട്ടി ഓര്‍മിച്ചു.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് ഡോ. എം.എ. യൂസഫലി എന്നിവർ പ്രസംഗിച്ചു. നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ ഐഎഎസ് സ്വാഗതവും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശേരി നന്ദിയും പറഞ്ഞു.
അനിരുദ്ധനെ കുറിച്ചുള്ള അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയുടെ പ്രദർശനം അദ്ദേഹം കടന്നുവന്ന വഴികളെ കുറിച്ചുള്ളതായിരുന്നു. പ്രഫ. അലിയാറിന്റെ ശബ്ദത്തിൽ ഡോ. അനിരുദ്ധന്റെ ജീവിതം വിഡിയോയിൽ അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായി ഈ പരിപാടിയുമായി ബന്ധപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഫൊക്കാനയുടെ പ്രതിനിധിയായി ഡോ. മാത്യൂസ് കെ. ലൂക്ക് മന്നിയോട്ട് അനുസ്മരണത്തിൽ പങ്കെടുത്തു.