എസ്എംസിസി രൂപതാ ജൂബിലി: ഭവന നിർമാണ പദ്ധതിക്ക് തുടക്കമായി
Wednesday, October 15, 2025 4:54 PM IST
ഷിക്കാഗോ: സീറോമലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (എസ്എംസിസി) നേതൃത്വത്തിൽ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭവന നിർമ്മാണ ചാരിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചു.
രൂപതയുടെ പ്രഥമ ബിഷപ് ജേക്കബ് അങ്ങാടിയത്തിന്റെ ജൂബിലിയും ഈ ആഘോഷങ്ങളുടെ ഭാഗമാണ്. തലശേരി രൂപതയിലെ പേരട്ട ഇടവകയിൽപ്പെട്ട പാവപ്പെട്ട ഒരു കുടുംബത്തിന് വീട് പണിതു തീർക്കാനുള്ള ചുമതലയാണ് എസ്എംസിസി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സീറോമലബാർ സഭാ അത്മായ സംഘടനയായ എകെസിസിയുമായി ചേർന്നാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്.
ഷിക്കാഗോ രൂപതയിലെ അത്മായ സംഘടന എന്ന നിലയിൽ ഷിക്കാഗോ സെന്റ് തോമസ് രൂപത ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നാട്ടിലെ പാവപ്പെട്ട കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് എസ്എംസിസി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വർഷം മുമ്പ് എസ്എംസിസി ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കരയിൽ 20-ഓളം ഹൈസ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പും മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
എസ്എംസിസി ഭാരവാഹികളായ സിജിൽ പാലക്കലോടി, മേഴ്സി കുര്യാക്കോസ്, ജോസ് സെബാസ്റ്റിയൻ, ജോർജ് പുല്ലാപ്പള്ളി, ജോർജ് ജോർജ്, മാത്യു ചാക്കോ, ബൈജു വിതയത്തിൽ, ജിയോ മാത്യൂസ്, ജോസഫ് പയ്യപ്പള്ളി, മിനി വിതയത്തിൽ, മാത്യൂ തോയലിൽ, സേവി മാത്യു, ജോൺസൻ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, ബോസ് കുര്യൻ, റോഷൻ പ്ലാമൂട്ടിൽ, ജോജോ കോട്ടൂർ, ഷാജി മിറ്റത്താനി, ജെയിംസ് ഓലിക്കര, അരുൺദാസ്, എൽസി വിതയത്തിൽ, ബാബു ചാക്കോ, ജോസ് കണ്ണൂക്കാടൻ, കുര്യാക്കോസ് ചാക്കോ, ഫാ. ജോഷി എളമ്പാശേരിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.