ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു
Tuesday, August 20, 2019 1:49 AM IST
പാറ്റ്ന: മുൻ ബിഹാർ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര(82) അന്തരിച്ചു. രക്താർബുദബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്നായിരുന്നു സംസ്കാരം നാളെ സുപോൾ ജില്ലയിലെ ബലുവ ബസാർ ഗ്രാമത്തിൽ നടക്കും.
മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായ ഇദ്ദേഹം മണ്ഡൽ രാഷ്ട്രീയത്തിനു മുന്പ് ബിഹാറിലെ ഏറ്റവും സമുന്നത നേതാക്കളിലൊരാളായിരുന്നു. പി.വി. നരസിംഹ റാവുവിന്റെ മന്ത്രിസഭയിൽ മിശ്ര മന്ത്രിയായിരുന്നു. ഇക്കണോമിക്സിൽ ഡോക്ടറേറ്റുള്ള ജഗന്നാഥ് മിശ്ര ബിഹാർ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. 1999ൽ കോൺഗ്രസ് വിട്ട മിശ്ര അവസാനകാലത്ത് ജെഡി-യുവിലായിരുന്നു. മിശ്രയുടെ ഭാര്യ കഴിഞ്ഞ വർഷം അന്തരിച്ചു. ഇളയമകൻ നിതീഷ് മിശ്ര ബിഹാറിൽ മന്ത്രിയാണ്. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെത്തുടർന്ന് ബിഹാറിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.