സ്വത്തുതർക്കം: പിതാവ് മകനെ വെട്ടിക്കൊന്നു
Wednesday, August 12, 2020 11:09 PM IST
കോയന്പത്തൂർ: സ്വത്തുതർക്കത്തെ തുടർന്ന് പിതാവ് മകനെ വെട്ടിക്കൊന്നു. അന്നൂർ വരദയ്യങ്കാർപാളയം പഴനിസ്വാമി (39)യെയാണ് പിതാവ് മസകൗണ്ടൻ ചെട്ടിപ്പാളയം അരുകംപാളയം വേലുസ്വാമി (65) കൊലപ്പെടുത്തിയത്. ഡ്രൈവറായ പഴനിസ്വാമി മദ്യത്തിന് അടിമയായിരുന്നു.
സ്വത്ത് ആവശ്യപ്പെട്ട് വേലുസ്വാമിയെ മകൻ മർദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം സ്വത്ത് ആവശ്യപ്പെട്ടു പഴനിസ്വാമിയെ റോഡിലിട്ട് മർദിക്കുകയും ചവിട്ടുകയുമായിരുന്നു.
ഇതിൽ പ്രകോപിതനായ വേലുസ്വാമി ഇന്നലെ പുലർച്ചെ ഉറങ്ങുകയായിരുന്ന പഴനിസ്വാമിയെ മഴു ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പഴനിസ്വാമി സംഭവസ്ഥലത്തു മരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. വേലുസ്വാമിയെ അന്നൂർ പോലീസ് അറസ്റ്റു ചെയ്തു.