രാജ്യത്ത് പുതിയ രോഗികൾ 3 ലക്ഷത്തിലേക്ക്
Tuesday, April 20, 2021 12:34 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിതീവ്രമായതോടെ ഇന്നലെ മാത്രം 2.73 ലക്ഷം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ ഒന്നരക്കോടി (1,50,61,919) കവിഞ്ഞു. കഴിഞ്ഞ 15 ദിവസംകൊണ്ട് 25 ലക്ഷം രോഗികളുണ്ടായി. 24 മണിക്കൂറിൽ 1,619 പേർകൂടി മരിച്ചതോടെ മൊത്തം മരണം 1.78 ലക്ഷമായി.
ദിവസേനയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി. തലസ്ഥാനമായ ഡൽഹിയിൽ പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സന്പൂർണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയിൽ മേയ് ഒന്നു വരെ കർഫ്യൂ അടക്കം കർശന നിയന്ത്രണം തുടരും. രാജ്യമാകെ ലോക്ക്ഡൗണ് ഇനി ഉണ്ടാകില്ലെന്നും അതതു സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ തീരുമാനം എടുക്കാമെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ആവർത്തിച്ചു.
തുടർച്ചയായ അഞ്ചാം ദിവസവും രണ്ടര ലക്ഷത്തോളം കേസുകളെത്തിയതോടെ, മുംബൈ, ഡൽഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികൾ രോഗികളെക്കൊണ്ടും മോർച്ചറികളും ശ്മശാനങ്ങളും മൃതശരീരങ്ങൾ കൊണ്ടും നിറഞ്ഞു. മെഡിക്കൽ ഓക്സിജനും വെന്റിലേറ്ററും മരുന്നുകളും മുതൽ കോവിഡ് രോഗികൾക്കുള്ള ചികിത്സാസൗകര്യങ്ങൾക്കും പ്രതിരോധ വാക്സിനും വരെ ക്ഷാമം തുടർന്നു.
ഡൽഹിയിലും മുംബൈയിലും നേരത്തേ പ്രവർത്തനം നിർത്തിയ പ്രത്യേക കോവിഡ് സെന്ററുകളും സ്റ്റേഡിയങ്ങളും ചില ഹോട്ടലുകളും വീണ്ടും കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു.
ജോർജ് കള്ളിവയലിൽ