കൊടുങ്കാറ്റുപോലെ രണ്ടാം വരവ്; ലോക്ക്ഡൗൺ അവസാന മാർഗം: പ്രധാനമന്ത്രി
Wednesday, April 21, 2021 12:39 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും ലോക്ക്ഡൗൺ എന്നത് അവസാന മാർഗം എന്ന നിലയിൽ മാത്രമേ സംസ്ഥാനങ്ങൾ ഉപയോഗിക്കാവൂ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരിടുന്ന വെല്ലുവിളി വലുതാണെങ്കിലും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇന്നലെ രാത്രി 8.45നു രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനു പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് രോഗവ്യാപനം തടയണം. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. കോവിഡിനെതിരേ രാജ്യം വലിയ പോരാട്ടമാണു നടത്തുന്നത്. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസത്തിന്റെ ആഴം മനസിലാക്കുന്നു. ഒരുമയും കൃത്യമായ തയാറെടുപ്പുംകൊണ്ട് നമുക്കു കോവിഡിനെ മറികടക്കാം. കോവിഡ് മഹാമാരിക്കെതിരേ അവിരാമ പോരാട്ടം നടത്തുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു -മോദി പറഞ്ഞു.
കോവിഡ് വെല്ലുവിളി നേരിടാൻ മരുന്നുനിർമാണ മേഖല അക്ഷീണം പ്രവർത്തിക്കുകയാണ്. രാജ്യത്തു മരുന്ന് ഉത്പാദനം കൂട്ടിയിട്ടുണ്ട്. ഓക്സിജന്റെ ദൗർലഭ്യം പ്രധാന പ്രശ്നമാണ്. നിലവിലെ ഓക്സിജൻക്ഷാമം പരിഹരിക്കും. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും യോജിച്ചു പ്രവർത്തിക്കും.
രാജ്യത്തു വാക്സിനേഷൻ വേഗത്തിലാക്കും. ഇതുവരെ 12 കോടി വാക്സിൻ നല്കിക്കഴിഞ്ഞു. ഏറ്റവും വേഗത്തിൽ ഇത്രയധികം വാക്സിൻ നല്കിയത് ഇന്ത്യയാണ്. തദ്ദേശീയമായി രണ്ടു വാക്സിനുകൾ നിർമിച്ചു. ഏറ്റവും വില കുറഞ്ഞ വാക്സിൻ ഇന്ത്യയിലാണു നിർമിക്കുന്നത്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി രാജ്യത്തുതന്നെ വിതരണം ചെയ്യും. കഴിഞ്ഞവർഷത്തേക്കാൾ സ്ഥിതിഗതികൾ ഏറെ വ്യത്യാസപ്പെട്ടു. കഴിഞ്ഞവർഷം കോവിഡ് വാക്സിനില്ലായിരുന്നു. പിപിഇ കിറ്റ് പോലെയുള്ളവ നിർമിക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ പര്യാപ്തമല്ലായിരുന്നു.
സ ർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്സിൻ നല്കുന്നതു തുടരും. കോവിഡ് മാർഗരേഖ പാലിക്കാൻ ജനമുന്നേറ്റമുണ്ടാകണം. ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തു തുടരണം. തൊഴിലാളികൾക്ക് അതത് സംസ്ഥാനത്ത് വാക്സിൻ നല്കണം. തൊഴിലാളികളുടെ വിശ്വാസം ആർജിക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണം- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.