ഡിആർഡിഒയുടെ കോവിഡ് മരുന്ന് പുറത്തിറക്കി
Tuesday, May 18, 2021 12:48 AM IST
ന്യൂഡൽഹി: പൊതുമേഖലാ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗാവസ്ഥ യുടെ ദൈർഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ.
കോവിഡ് മരുന്നായ 2-ഡിയോക്സി ഡി ഗ്ലൂക്കോസ് നൽകുന്ന രോഗികളിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാൻ സാധിക്കും. മരുന്നിന്റെ ആദ്യബാച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ പതിനായിരം ഡോസാണ് പുറത്തിറക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യമരുന്നാണ് 2-ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന് ഹർഷവർധൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷ. ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിഗും പങ്കെടുത്തു.
പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.