സംസ്ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്സിൻകൂടി
Monday, May 31, 2021 12:09 AM IST
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നതിനിടെ ജൂണിൽ പന്ത്രണ്ട് കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ. ഇതിൽ 6.09 കോടി ഡോസുകൾ കേന്ദ്രം സൗജന്യമായി നൽകും. അവശേഷിക്കുന്ന 5.86 കോടി സംസ്ഥാനങ്ങൾ നേരിട്ടു സംഭരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കോവിഡ് അതിതീവ്ര വ്യാപനം നേരിടുന്നതിന് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ലോക്ഡൗണ്‍ തുടരുകയാണ്. നിയന്ത്രണങ്ങൾക്കിടെ വാക്സിനേഷനും വേഗത്തിലാക്കിയാൽ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ഇതിന്റെ ഭാഗമായി കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്.
വിദേശരാജ്യങ്ങളിൽ വിജയകരമായി നടത്തിവരുന്ന വാക്സിനേഷനിൽ പങ്കാളികളായ വിവിധ കന്പനികളുടെ വാക്സിനുകൾ അടിയന്തര ഉപയോഗത്തിന് നേരിട്ട് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ സർക്കാർ തേടുന്നുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാകയാണ് ലക്ഷ്യം.