‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ രാകേഷ് ജുൻജുൻവാല അന്തരിച്ചു
Monday, August 15, 2022 1:15 AM IST
മുംബൈ: ആകാശ എയർ ഉടമയും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’എന്നാണ് ജുൻജുൻവാല അറിയപ്പെടുന്നത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ ഓഹരിവിപണിയിൽ വൻ നിക്ഷേപമുള്ള ജുൻജുൻവാലയുടെ ആസ്തി 46,000 കോടി രൂപയുടേതാണെന്നു ഫോബ്സ് മാഗസിൻ വ്യക്തമാക്കുന്നു. രാജ്യത്തെ 36-ാമത്തെ ശതകോടീശ്വരനാണ് ഇദ്ദേഹം. ‘ബിഗ് ബുൾ’ എന്നും ജുൻജുൻവാല അറിയപ്പെടുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റായ ജുൻജുൻവാലയെ അക്കൗണ്ട് ഓഡിറ്റിംഗിനേക്കാൾ ആകർഷിച്ചത് ദലാൽ സ്ട്രീറ്റ് ആയിരുന്നു. 1985ൽ വെറും 5000 രൂപയുടെ നിക്ഷേപവുമായി ജുൻജുൻവാല ഓഹരി വിപണിയിലിറങ്ങി. 2018 സെപ്റ്റംബറിൽ ഈ നിക്ഷേപം 11,000 കോടി രൂപയിലേക്കു കുതിച്ചു. ജുൻജുൻവാല ഓഹരിനിക്ഷേപം ആരംഭിച്ച കാലത്ത് സെൻസെക്സ് 150 പോയിന്റിലായിരുന്നു. വിവിധ കന്പനികളിൽ ഇദ്ദേഹത്തിനു വൻതോതിൽ ഓഹരിനിക്ഷേപമുണ്ട്.
ടൈറ്റനിൽ 5.05 ശതമാനം ഓഹരിയുള്ള ജുൻജുൻവാലയുടെ നിക്ഷേപത്തിന് 11,000 കോടി രൂപയുടെ മൂല്യമുണ്ട്. ജൂണിൽ അവസാനിച്ച പാദത്തിൽ 47 കന്പനികളിൽ ജൂൻജുൻവാലയ്ക്ക് ഓഹരിനിക്ഷേപമുണ്ട്. ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയർമാനാണ് ഇദ്ദേഹം. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഉൾപ്പെടെ ഏതാനും കന്പനികളുടെ ബോർഡ് ഓഫ് ഡയറക്ടർമാരിലൊരാളാണ്.
മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെ, മുൻ ഇൻഡിഗോ തലവൻ ആദിത്യ ഘോഷ് എന്നിവർക്കൊപ്പമാണ് ജുൻജുൻവാല ആകാശ എയർ സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കന്പനിയായ ആകാശ എയർ ഏതാനും ദിവസം മുന്പാണു സർവീസ് ആരംഭിച്ചത്. രാകേഷിന്റെ ഭാര്യ രേഖയും ഓഹരിവിപണി നിക്ഷേപകയാണ്. 1960 ജൂലൈ അഞ്ചിന് രാജസ്ഥാനി കുടുംബത്തിൽ ജനിച്ച ജുൻജുൻവാല ബോംബെയിലാണു വളർന്നത്.
ഇദ്ദേഹത്തിന്റെ പിതാവ് ഇൻകം ടാക്സ് കമ്മീഷണറായിരുന്നു. 1986ലാണ് ഓഹരിവിപണിയിൽ ജുൻജുൻവാലയുടെ ഭാഗ്യം തെളിഞ്ഞുതുടങ്ങിയത്. ടാറ്റാ ടീയുടെ 5000 ഓഹരികൾ 43 രൂപയ്ക്ക് ഇദ്ദേഹം വാങ്ങി. മൂന്നു മാസത്തിനകം ഓഹരിവില 143 ആയി. മൂന്നു വർഷംകൊണ്ട് ജുൻജുൻവാല 20-25 ലക്ഷം രൂപ സന്പാദിച്ചു.
രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പുരോഗതിയിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നയാളായിരുന്നു ജുൻജുൻവാലയെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു.