വിറങ്ങലിച്ച് ചെന്നൈ
Tuesday, December 5, 2023 3:16 AM IST
ചെന്നൈ: മിഷോങ്ങ് ചുഴലിക്കാറ്റിനു മുന്നോടിയായി ഞായറാഴ്ച രാത്രിമുതൽ തുടരുന്ന കനത്ത മഴയിൽ ചെന്നൈ നഗരം പ്രളയക്കെടുതിയിലായി. വ്യത്യസ്ത സംഭവങ്ങളിലായി ആറു പേർ മരിച്ചു.
2015ലേതിനു സമാനമായി നഗരത്തിലെങ്ങും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതോടെ ജനജീവിതം സ്തംഭിച്ചു. പ്രധാനമായും കോടന്പാക്കം, റോയൽപേട്ട്, വെസ്റ്റ് മാന്പലം, ചിദ്രപേട്ട്, മാധവാരം എന്നിവിടങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷമായിട്ടുള്ളത്. രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്.
നിരത്തുകളെല്ലാം വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതം പൂർണമായി നിലച്ചു. നഗരത്തിലെ 17 സബ്വേകൾ വെള്ളത്തിൽ മുങ്ങിയതിനാൽ അടച്ചിട്ടിരിക്കുകയാണ്. നിരവധി മെട്രോ ലൈനുകളിലും സർവീസ് നിർത്തിവച്ചു. വ്യോമ-ട്രെയിൻ ഗതാഗതവും സ്തംഭിച്ചു.
പൊതു അവധി
ഇന്നലെ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ തമിഴ്നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ചെന്നൈയടക്കം അഞ്ചു ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെ വിവിധ സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.
ചെന്നൈ നഗരപരിധിയിലുള്ള ജലസംഭരണികളും തടാകങ്ങളും നിറയുന്നത് ആശങ്ക വർധിപ്പിക്കുന്നു. ആറ് അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 98 ശതമാനം നിറഞ്ഞതായി ജലവിഭവ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംപ്രാപിച്ച ന്യൂനമർദം തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയായിരുന്നു. ചെന്നൈ തീരത്തുനിന്ന് 90 കിലോമീറ്റർ അകലെ നിലകൊള്ളുന്ന ഈ ചുഴലിക്കാറ്റ് ഇന്നു രാവിലെ തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്ര, തെലുങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
വിമാനത്താവളം അടച്ചു
ചെന്നൈ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ റൺവേ മുങ്ങിയതോടെ ചെന്നൈ രാജ്യാന്തര വിമാനത്താവളം അടച്ചു. ഇന്നു രാവിലെ ഒന്പത് വരെയാണു വിമാനത്താവളം അടച്ചതെന്ന് എയർപോർട്ട് അഥോറിറ്റി അറിയിച്ചു.
നേരത്തെ ഇന്നലെ രാത്രി 11 വരെ വിമാനത്താവളം അടച്ചിടുകയാണെന്ന് അറിയിപ്പ് വന്നെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ വരെ നീട്ടുകയായിരുന്നു.