ജയിലിൽ കേജരിവാളിനെ മരണത്തിലേക്ക് തള്ളിവിടുന്നു: ആം ആദ്മി പാർട്ടി
Sunday, April 21, 2024 1:58 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ തിഹാർ ജയിലധികൃതർ ഇൻസുലിൻ നൽകാതെ മരണത്തിലേക്കു തള്ളിവിടുകയാണെന്ന് ആം ആദ്മി പാർട്ടി.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സാന്പത്തികതട്ടിപ്പുകേസിൽ ജയിൽ കഴിയുന്ന കേജരിവാളിന് ടൈപ്പ് 2 പ്രമേഹമുണ്ടെന്നും ഇൻസുലിൻ ആവശ്യപ്പെട്ടിട്ട് ജയിലധികൃതർ നൽകിയില്ലെന്നും പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി കേജരിവാൾ പ്രമേഹരോഗിയാണ്. കേജരിവാളിനെ മരണത്തിലേക്ക് തള്ളിവിടുന്നതിനുള്ള ഗൂഢാലോചനയാണ് തിഹാർ ജയിലിൽ നടക്കുന്നത്- ഭരദ്വാജ് ആരോപിച്ചു.
ടൈപ്പ് 2 പ്രമേഹമുണ്ടെങ്കിലും കേജരിവാൾ മാന്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് ഇഡി വ്യാഴാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഡോക്ടർ നൽകിയ ഭക്ഷണക്രമമനുസരിച്ചാണ് താൻ ആഹാരം കഴിക്കുന്നതെന്ന് കേജരിവാൾ കോടതിയിൽ വ്യക്തമാക്കി.