ജമ്മു-കാഷ്മീരിൽ ക്യാപ്റ്റനടക്കം നാലു സൈനികർക്കു വീരമൃത്യു
Wednesday, July 17, 2024 1:18 AM IST
ജമ്മു: ജമ്മു-കാഷ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റനടക്കം നാലു സൈനികർക്കു വീരമൃത്യു.
ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി. രാജേഷ്, സിപ്പോയി ബിജേന്ദ്ര, സിപ്പോയി അജയ് എന്നിവരാണു വീരമൃത്യു വരിച്ചത്. മൂന്നാഴ്ചയ്ക്കിടെ ദോഡ ജില്ലയിൽ മൂന്നാം തവണയാണു സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ദേസ വനമേഖലയിലെ ധാരി ഗോതേ ഉരാർബാഗിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ. രാഷ്ട്രീയ റൈഫിൾസും കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായാണു ഭീകരരെ നേരിട്ടത്.
കുറച്ചുനേരത്തെ വെടിവയ്പിനുശേഷം ഭീകരർ വനത്തിലേക്കു രക്ഷപ്പെട്ടു. ഭീകരരുടെ ഒളിത്താവളം തിരിച്ചറിഞ്ഞ് രാത്രി ഒന്പതോടെ ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ നേതൃത്വത്തിൽ സൈനികർ നിബിഡവനത്തിലേക്കു കടന്ന് ഭീകരരുമായി വീണ്ടും ഏറ്റുമുട്ടി. അഞ്ചു സൈനികർക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ക്യാപ്റ്റടനടക്കം നാലു പേർ മരണത്തിനു കീഴടങ്ങി.
ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി. കൂടുതൽ കരസേനാംഗങ്ങളെയും പോലീസിനെയും തിങ്കളാഴ്ച രാത്രിതന്നെ സ്ഥലത്തെത്തിച്ചു. കരസേനയുടെ പാരാ-കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഭീകരർക്കായി തെരച്ചിൽ നടത്തുകയാണ്.
പാക്കിസ്ഥാനിൽനിന്ന് ഏതാനും ദിവസം മുന്പ് നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണു സൈന്യം.
കഴിഞ്ഞയാഴ്ച കഠുവ ജില്ലയിലെ മാചേദി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു മാസമായി ജമ്മു മേഖലയിൽ ഭീകരരുടെ ആക്രമണം വർധിച്ചുവരികയാണ്.
2021നുശേഷം ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങളിൽ 52 സുരക്ഷാ സൈനികരടക്കം 70 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സുരക്ഷാ സൈനികരിലേറെയും കരസേനാംഗങ്ങളാണ്. ഇക്കാലയളവിൽ 54 ഭീകരരെ സുരക്ഷാസേന വധിച്ചു.
നാലു സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാനെതിരേ പ്രതിഷേധവുമായി ഇന്നലെ ജമ്മുവിൽ ജനം തെരുവിലിറങ്ങി. ശിവസേന ദോഗ്ര ഫ്രണ്ട്(എസ്എസ്ഡിഎഫ്) ഉൾപ്പെടെ നിരവധി സംഘടനകളാണു പ്രതിഷേധം നടത്തിയത്. കാഷ്മീർ ഡിജിപി ആർ.ആർ. സ്വയിനിനെ മാറ്റണമെന്ന് പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.