ഷിരൂരിലെ അപകടത്തിൽ കാണാതായ അർജുനായി തെരച്ചിൽ ഊർജിതം
Saturday, July 20, 2024 2:12 AM IST
കാർവാർ(കർണാടക): ഷിരൂരിൽ ദേശീയപാതയിലേക്കു മലയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 40 അംഗ സംഘമാണു തെരച്ചിലിനു നേതൃത്വം നല്കുന്നത്.
പുഴയിൽ തെരച്ചിൽ നടത്താൻ നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. എന്നാൽ, അർജുൻ സഞ്ചരിച്ച ലോറി പുഴയിലേക്കു വീണിട്ടില്ലെന്നാണു ജിപിഎസ് ലൊക്കേഷൻ പരിശോധിച്ചതിൽനിന്നു വ്യക്തമാകുന്നത്.
ഇക്കാര്യം സംഭവസ്ഥലം സന്ദർശിച്ച ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയപാതയിൽ മണ്ണുമൂടിക്കിടക്കുന്ന ഭാഗത്ത് അർജുനും ലോറിയും കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണു നിഗമനം. കർണാടകയിൽനിന്നുള്ള ഒരു കുടംബം സഞ്ചരിച്ച കാറും ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നാണു സൂചന.
നിരവധി പേർ മണ്ണിനടിയിൽ പെട്ടതായി സൂചനയുണ്ടെങ്കിലും ഏഴു മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. സംഭവസ്ഥലത്തിനു തൊട്ടുതാഴെയുള്ള ഗംഗാവതി നദിയിൽനിന്നാണു മൃതദേഹങ്ങൾ ലഭിച്ചത്.
ആദ്യദിനങ്ങളിലെ തെരച്ചിൽ നദിയിൽ മാത്രമായി ഒതുങ്ങിപ്പോയതാണു മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ തടസമായതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എത്ര പേരാണു കുടുങ്ങിയിട്ടുള്ളതെന്നു പോലും ഇതുവരെ വ്യക്തമായിട്ടില്ല.
അർജുന്റെ ബന്ധുക്കൾ വ്യാഴാഴ്ച എം.കെ. രാഘവൻ എംപിയുമായി ബന്ധപ്പെട്ട് സഹായം തേടിയതിനു ശേഷം മാത്രമാണു രക്ഷാപ്രവർത്തനങ്ങൾ അല്പമെങ്കിലും വേഗത്തിലായത്. അർജുന്റെ മൊബൈൽ ഇന്നലെ രാവിലെവരെ റിംഗ് ചെയ്തിരുന്നതായി ഭാര്യ കൃഷ്ണപ്രിയയും ഭാര്യാസഹോദരൻ ജിതിനും പറഞ്ഞു. ജിതിനും ലോറി ഉടമ മനാഫും അടങ്ങുന്ന സംഘം ഇന്നലെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഇന്നലെ രാത്രി ഒന്പതോടെ നിർത്തിവച്ചു. തെരച്ചിൽ ഇന്നു പുലർച്ചെ 5.30നു പുനരാരംഭിക്കും.