തായ്ലൻഡും കംബോഡിയയും ഏറ്റുമുട്ടി; 12 പേർ കൊല്ലപ്പെട്ടു
Friday, July 25, 2025 2:51 AM IST
ബാങ്കോക്ക്/ നോം പെൻ: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും അതിർത്തി തർക്കത്തിന്റെ പേരിൽ സംഘർഷത്തിൽ. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ തായ്ലൻഡിൽ 11 സിവിലിയന്മാരും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടു. കംബോഡിയൻ സർക്കാർ ഇത്തരം കണക്ക് പുറത്തുവിട്ടിട്ടില്ല.
തായ് വ്യോമസേന എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ പട്ടാള ആസ്ഥാനങ്ങളിൽ ബോംബിട്ടു. കംബോഡിയൻ സേന പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ച് തായ്ലൻഡിൽ ആക്രമണം നടത്തി.
സുരിൻ, ഉബോൺ രാച്ചതാനി, ശ്രിസാക്കെട്ട് എന്നീ മൂന്ന് പ്രവിശ്യകളിലാണ് മരണങ്ങൾ സംഭവിച്ചതെന്ന് തായ്ലൻഡ് അറിയിച്ചു. 24 സിവിലിയന്മാർക്കും ഏഴു പട്ടാളക്കാർക്കും പരിക്കേറ്റു.
817 കിലോമീറ്റർ നീളമുള്ള അതിർത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തായ്ലൻഡ് അതിർത്തി അടച്ചു. ഇരു രാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങി. 40,000 പേരെയാണ് ഒഴിപ്പിക്കുന്നതെന്ന് തായ്ലൻഡ് അറിയിച്ചു.
ക്ഷേത്രങ്ങളെച്ചൊല്ലി തർക്കം
കംബോഡിയയിൽ കോളനി ഭരണം നടത്തിയ ഫ്രഞ്ചുകാർ ഉണ്ടാക്കിയ അതിർത്തിയുടെ പല ഭാഗങ്ങളെച്ചൊല്ലിയും തർക്കമുണ്ട്. വനമേഖലകളിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഉടമസ്ഥത പ്രധാന തർക്കവിഷയമാണ്. 11-ാം നൂറ്റാണ്ടിൽ നിർമിച്ച പ്രയാ വിഹിയർ ക്ഷേത്രത്തിനു യുനെസ്കോയുടെ പൈതൃകപദവി ലഭിക്കാൻ കംബോഡിയ നടത്തിയ നീക്കങ്ങൾ തായ്ലൻഡിനെ ചൊടിപ്പിച്ചിരുന്നു.
ഇന്നലെ സംഭവിച്ചത്
ഇരു രാജ്യങ്ങളും വ്യത്യസ്ത വിശദീകരണങ്ങളാണ് നല്കുന്നത്. താ മൂവൻ തോം എന്ന ഹൈന്ദവ ക്ഷേത്രത്തിനു ചുറ്റും തായ്ലൻഡ് സൈനികർ കന്പിവേലി കെട്ടാൻ നടത്തിയ നീക്കമാണ് സംഘർഷത്തിനു തുടക്കമിട്ടതെന്ന് കംബോഡിയ പറയുന്നു. എന്നാൽ കംബോഡിയൻ സേന ഡ്രോൺ ഉപയോഗിച്ച് തങ്ങളുടെ സേനാവിന്യാസം നിരീക്ഷിക്കുകയും തുടർന്ന് അതിർത്തിയിൽ സംഘടിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് തായ്ലൻഡ് പറയുന്നത്.
സമാധാനനീക്കം
പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് താത്പര്യമെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹൺ മാനെറ്റ് പ്രതികരിച്ചു. കന്പോഡിയയുമായുള്ള അതിർത്തി തർക്കം അന്താരാഷ്ട്ര നിയമപ്രകാരം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് തായ്ലൻഡിലെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാൻ വെച്ചയാച്ചായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിക്കുമെന്ന് ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷത വഹിക്കുന്ന മലേഷ്യയിലെ പ്രധാനമന്ത്രി അൻവർ ഇബ്രാഹം പറഞ്ഞു.