ഓഹരി വില കുറയ്ക്കില്ല: അദാനി
Sunday, January 29, 2023 12:40 AM IST
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ ഫോളോ ഓണ്‍ പബ്ലിക് ഓഫറിൽ (എഫ്പിഒ) ഓഹരിവില കുറയ്ക്കില്ലെന്നും ധനസമാഹരണം തുടരുമെന്നും അദാനി ഗ്രൂപ്പ്.
എഫ്പിഒ ഇഷ്യുവിന്റെ വിലയും സമയക്രമവും നിശ്ചയിച്ചപോലെ മുന്നോട്ടുപോകും. എഫ്പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരിൽ പൂർണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ മാസം 31വരെയുള്ള എഫ്പിഒയിലൂടെ 20,000 കോടി സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടത്.
രണ്ടു ദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിലുണ്ടായ ഇടിവ് നാലേകാൽ ലക്ഷം കോടി രൂപയാണ്. നിലവിൽ അദാനി എന്റർപ്രൈസ് 2,768.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.