വിജയ് ഹസാരെയിൽ കേരളം ക്വാർട്ടറിൽ
Sunday, December 10, 2023 1:33 AM IST
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ നാലാം സീസണിലും കേരളം ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ 153 റണ്‍സിനു തകർത്താണ് കേളത്തിന്റെ ക്വാർട്ടർ പ്രവേശം.
കേരളത്തിനായി ഓപ്പണർമാരായ കൃഷ്ണപ്രസാദും (144), രോഹൻ കുന്നുമ്മലും (120) സെഞ്ചുറി സ്വന്തമാക്കിയതോടെ കൂറ്റൻ സ്കോർ പിറന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സ് അടിച്ചുകൂട്ടി. തുടർന്ന് മഹാരാഷ്ട്രയെ 37.4 ഓവറിൽ 230ന് എറിഞ്ഞു വീഴ്ത്തുകയും ചെയ്തു. നാളെ നടക്കുന്ന ക്വാർട്ടറിൽ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികൾ.
കൃഷ്ണപ്രസാദും (137 പന്തിൽ 144) രോഹൻ കുന്നുമ്മലും (95 പന്തിൽ 120) ആദ്യവിക്കറ്റിൽ 218 റണ്‍സ് അടിച്ചെടുത്തു. കൃഷ്ണപ്രസാദിന്റെ കന്നി ലിസ്റ്റ് എ സെഞ്ചുറിയാണ്. വിഷ്ണു വിനോദ് (43), അബ്ദുൽ ബാസിത് (35*), സഞ്ജു സാംസണ് (29) എന്നിവരും സ്കോർ ബോർഡിലേക്ക് സംഭാവന നല്കി.
മറുപടി ബാറ്റിംഗിൽ മഹാരാഷ്ട്ര ഓപ്പണർമാരായ കുശാൽ താന്പെയും (50) ഓം ഭോസ്ലെയും (78) ചേർന്ന് 139 റണ്‍സ് ആദ്യവിക്കറ്റിൽ നേടി. എന്നാൽ, ഇരുവരും തുടരെത്തുടരെയുള്ള ഓവറുകളിൽ പുറത്തായത് വഴിത്തിരിവായി. പിന്നാലെയെത്തിവർക്ക് വലിയ സ്കോർ നേടാൻ സാധിക്കാതെ വന്നതോടെ കേരളം വൻജയത്തിലേക്കു കുതിച്ചു.
കേരളത്തിനായി ശ്രേയസ് ഗോപാൽ നാലും വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ബേസിൽ തന്പിയും അഖിൻ സത്താറും ഓരോ വിക്കറ്റും നേടി. ശ്രേയസ് ഗോപാൽ ട്വന്റി-20യിലും ലിസ്റ്റ് എയിലും 100 വിക്കറ്റ് എന്ന നേട്ടത്തിലെത്തി.
383/4: റിക്കാർഡ്
കേരളം ഇന്നലെ നേടിയ 383/4 എന്ന സ്കോർ ലിസ്റ്റ് എയിൽ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർനതാണ്. 2019ൽ ഗോവയ്ക്കെതിരേ നേടിയ 377/3 ഇതോടെ പഴങ്കഥയായി.
ലിസ്റ്റ് എയിൽ കേരളത്തിനായി ഒന്നിച്ച് സെഞ്ചുറി നേടുന്ന മൂന്നാമത് ഓപ്പണിംഗ് സഖ്യമാണ് രോഹനും കൃഷ്ണപ്രസാദും. വി.എ. ജഗദീഷ്-എം.എം. ഹെഗ്ഡെ, വിഷ്ണു വിനോദ്-റോബിൻ ഉത്തപ്പ എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവർ.