ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് (11) എന്ന വാൽഡെറാമയുടെ റിക്കാർഡിനൊപ്പമാണ് റോഡ്രിഗസെത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഫൽക്കാവോ ഗാർസിയയുടെ 13 ഗോളിനൊപ്പവും മുപ്പത്തിമൂന്നുകാരനായ റോഡ്രിഗസ് എത്തി.
ബ്രസീലിനു പാര എവേ പോരാട്ടത്തിൽ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനു പരാഗ്വെ കീഴടക്കി. 2026 ഫിഫ ലോകകപ്പ് പോരാട്ടങ്ങളിൽ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ ബ്രസീലിന്റെ നാലാം തോൽവിയാണ്.
20-ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേടിയ ഗോളിലാണ് പരാഗ്വെ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും നടത്താൻ ബ്രസീലിനു സാധിച്ചില്ല എന്നതും ശ്രദ്ധേയം.
മത്സരത്തിൽ ആകെ മൂന്നു ഷോട്ട് ഓണ് ടാർഗറ്റ് മാത്രമാണ് ബ്രസീലിനുള്ളത്. അത് മൂന്നും വിനീഷ്യസ് ജൂണിയറിന്റെ വകയായിരുന്നു. 2008ലാണ് പരാഗ്വെ അവസാമായി ബ്രസീലിനെതിരേ ജയം നേടിയത്. നീണ്ട 16 വർഷത്തിനുശേഷം വീണ്ടും അവർ കാനറികളെ കശക്കി.
മറ്റു മത്സരങ്ങളിൽ ബൊളീവിയ 2-1നു ചിലിയെയും ഇക്വഡോർ 1-0നു പെറുവിനെയും തോൽപ്പിച്ചു. വെനസ്വേലയും ഉറുഗ്വെയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
യോഗ്യതാ റൗണ്ടിൽ തോൽവി അറിയാത്ത ഏക ടീമാണ് കൊളംബിയ. അതേസമയം, തുടർതോൽവി ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മോഹങ്ങൾക്കു പാരയാകും.
യോഗ്യതാ റൗണ്ടിൽ ആദ്യ ആറു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് നേരിട്ടു ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. ഏഴാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്.
നിലവിൽ എട്ടു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയും നാലു തോൽവിയുമായി 10 പോയിന്റോടെ ആറാം സ്ഥാത്താണ് ബ്രസീൽ. അർജന്റീന (18 പോയിന്റ്), കൊളംബിയ (16), ഉറുഗ്വെ (15), ഇക്വഡോർ (11) ടീമുകളാണ് യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.