മണ്ഡല-മകരവിളക്കുകാലത്ത് ശബരിമലയില്‍ ആരോഗ്യവകുപ്പിന്റെ വിപുലമായ സംവിധാനം
Friday, November 9, 2018 1:01 AM IST
തിരുവനന്തപുരം: ശബരിമല മണ്ഡല- മകര വിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000 ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി മണ്ഡലകാലത്ത് നിയമിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം.പമ്പ മുതല്‍ സന്നിധാനം വരെയുളള അഞ്ചു കിലോമീറ്റര്‍ ദൂരയാത്രയില്‍ തീര്‍ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയസ്തംഭനം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ പതിനാറോളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.
ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐസിസിയു), ഓപ്പറേഷന് തിയറ്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്പോര്‍ട്ടിംഗ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കും.
സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്സറികള് നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 15 മുതല്‍ മറ്റുസ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പിഎച്ച്സി നിലയ്ക്കല്‍, സിഎച്ച്സി എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാരെ കൂടുതലായി നിയമിക്കും. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐസിയു സൗകര്യമുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പന്സറികളില് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോടൊപ്പം നിലയ്ക്കലും പമ്പയിലും നാല് സഞ്ചരിക്കുന്ന ഡിസ്പെന്‍സറികളും ഒരുക്കുന്നതാണ്.