കൊച്ചി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ
സ്വർണം പിടികൂടി
Monday, November 23, 2020 12:20 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വർണ മിശ്രിതത്തിന് ഇന്ത്യൻ വിപണിയിൽ അൻപത് ലക്ഷത്തോളം വില വരും. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിൽ ഷാർജയിൽനിന്ന് കൊച്ചിയിലെത്തിയ മലപ്പുറം കാളികാവ് സ്വദേശി റിയാസിന്റെ പക്കൽനിന്നാണ് സ്വർണം പിടികൂടിയത്.
സ്വർണമിശ്രിതം ചെറിയ കവറുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തുവാൻ ശ്രമിച്ചത്. പരിശോധനകളെല്ലാം പൂർത്തീകരിച്ച് ഗ്രീൻ ചാനൽ വഴി പുറത്തു കടക്കുവാൻ ശ്രമിക്കുന്നതിനിടെ റിയാസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണമിശ്രിതം കണ്ടെടുത്തത്.