നിപ: പുതിയ കേസുകൾ ഇല്ല
Friday, September 22, 2023 7:16 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ആശങ്ക ഒഴിയുന്നു. ഇന്നലെ ലഭിച്ച 27 പരിശോധനാഫലങ്ങളും നെഗറ്റീവ് ആണ്. നിലവിൽ 981 പേരാണ് സന്പർക്ക പട്ടികയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒന്‍പതു വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങൾ.
മന്ത്രി ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്ത് കാര്യങ്ങൾ അവലോകനം ചെയ്തു. ഏതാനും ദിവസങ്ങളായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ ത്തുടർന്ന് കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങളിൽ ജില്ലാ കളക്ടർ എ. ഗീത ഇളവു വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.