സ്കൂട്ടർ യാത്രികയായ വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു
Wednesday, June 4, 2025 1:21 AM IST
ചിങ്ങവനം: ദമ്പതിമാർ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി തട്ടി പിന്നിലിരുന്ന വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.
ചിങ്ങവനം പോളച്ചിറ സ്വദേശി പുതുപ്പറമ്പില്‍ ഷാനവാസിന്റെ ഭാര്യ രജനി (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് എംസി റോഡില്‍ നാട്ടകം മുളങ്കുഴയ്ക്ക് സമീപമായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം പള്ളത്തെ വാടക വീട്ടില്‍ നിന്നു കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും.
മുളങ്കുഴ ജംഗ്ഷന് സമീപം പിന്നില്‍ വരികയായിരുന്ന ലോറി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തട്ടിയതായി പറയപ്പെടുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ മറിയുകയും പിന്നിലിരുന്ന രജനി ലോറിക്കടിയിലകപ്പെടുകയുമായിരുന്നു.
ലോറിയുടെ പിന് ചക്രം രജനിയുടെ തലയിലൂടെ കറിയിറങ്ങി. ഏഴു മാസം മുന്‍പ് മറ്റൊരു അപകടത്തില്‍ രജനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. മക്കള്‍: ഷാഹുല്‍, രാഹുല്‍, അമലു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് കുറിച്ചി സചിവോത്തമപുരം ശ്മശാനത്തിൽ.