മാനവസമൂഹ നിര്‍മിതിക്ക് ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യം: പ്രഫ. എം.കെ. സാനു
Wednesday, June 4, 2025 1:21 AM IST
കൊച്ചി: പിഒസിയുടെ പരിഷ്കരിച്ച ബൈബിള്‍ കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രഫ. എം.കെ. സാനുവിന് നൽകിയാണു പ്രകാശനകര്‍മം നിര്‍വഹിച്ചത്. എല്ലാക്കാലത്തും എല്ലാ സംസ്കാരങ്ങളെയും സ്വാധീനിക്കാനും മെച്ചപ്പെട്ട മാനവസമൂഹത്തെ വാര്‍ത്തെടുക്കുവാനും ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യമാണെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു.
ബൈബിള്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍, പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, റവ. ഡോ. ജോണ്സണ് പുതുശേരി, റവ.ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസിയിലെ മെത്രാന്മാരും സന്യാസസഭകളിലെ മേജര്‍ സുപ്പീരിയര്‍മാരും സമൂഹത്തിലെ വിവിധ തലങ്ങളില്‍നിന്നുള്ള വിശിഷ്ടാതിഥികളും പങ്കെടുത്തു.