നഴ്സിംഗ് പ്രവേശനം: ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Wednesday, June 4, 2025 1:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിലെ നഴ്സിംഗ് പ്രവേശനത്തിൽ മാനേജുമെന്റുകളുമായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചർച്ച നടക്കും.
കഴിഞ്ഞ ആഴ്ച്ച ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിൽ കാര്യമായ പുരോഗതികൾ ഒന്നുമുണ്ടായില്ല. ഇതേത്തുടർന്നാണ് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരുന്നത്. മന്ത്രിതല ചർച്ച വേണമെന്ന ആവശ്യം മാനേജ്മെന്റുകൾ നേരത്തെ മുന്നോട്ടുവച്ചതാണ്.
മാനേജ്മെന്റുകളുമായി ചർച്ച നടത്താതെ പ്രവേശന നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതു ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം വിളിച്ചിട്ടുള്ളത്.
അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജ് ഓഫ് കേരള , പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളുമയാണ് ഇന്ന് ചർച്ച നടക്കുക.