വർഗീയ ധ്രുവീകരണം അന്തസ് കെടുത്തുന്നു: മൻമോഹൻ സിംഗ്
Wednesday, August 21, 2019 12:19 AM IST
ന്യൂഡൽഹി: അസഹിഷ്ണുതയും വർഗീയ ധ്രുവീകരണവും രാജ്യത്തിന്റെ അന്തസിനെ കെടുത്തുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. അസഹിഷ്ണുതയുടെ അസ്വസ്ഥതപ്പെടുത്തുന്ന പ്രവണതകൾ വർധിച്ചു വരികയാണ്. ഒരു മത വിഭാഗവും വെറുപ്പിനെയും അസഹിഷ്ണുതയേയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്തരികമായും ബാഹ്യമായും മതസ്പർധ വളർത്തി അക്രമങ്ങൾ അഴിച്ചു വിട്ടും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഈ പ്രവണതയെ എങ്ങനെയൊക്കെ ചെറുത്തു പരാജയപ്പെടുത്താൻ കഴിയുമെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട സമയമാണിത്. അസഹിഷ്ണുതയുടേയും ആൾക്കൂട്ടങ്ങളുടെ ആക്രമണങ്ങളും സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയ വഴികളിലൂടെ നമ്മുടെ യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും മുകളിലായി മറ്റൊന്നുമില്ല. ഇന്ത്യയെ ഭിന്നിപ്പിക്കാനാകില്ല. നമ്മുടെ രാജ്യത്തിന്റെ അന്തസ് തന്നെ മതേതരത്വമാണ്. അത് സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഒരു മതവും വർഗീയത പഠിപ്പിക്കുന്നില്ലെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധിയുടെ ഈ ജൻമവാർഷികത്തിലും നമ്മൾ അദ്ദേഹത്തിന്റെ വാക്കുകൾ മറ്റെല്ലാ കാലത്തേതുമെന്നതിനേക്കാൾ ഇന്ന് ഏറെ പ്രസക്തമാണെന്നോർക്കണം. ഇന്ത്യയുടെ ശക്തി തന്നെ വൈവിധ്യത്തിലും അഖണ്ഡതയിലും ഉൗന്നിയിരിക്കുന്നതാണെന്നാണ് രാജീവ് ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വർഗീയ ഭ്രാന്ത് രാജ്യത്ത് വളരാൻ ഒരു തരത്തിലും അനുവദിക്കരുതെന്നും മൻമോഹൻ സിംഗ് ആഹ്വാനം ചെയ്തു.