യുപിയിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ്ചെയ്തു
Tuesday, September 10, 2019 12:29 AM IST
അസംഗഡ്(ഉത്തർപ്രദേശ്):യുപിയിൽ പ്രൈമറി സ്കൂൾ വിദ്യാർഥികളെക്കൊണ്ട് സ്കൂളിന്റെ തറ തുടപ്പിക്കുന്നതിന്റെ ഫോട്ടോയെടുത്ത മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ്ചെയ്തു.
അസംഗഡിലെ പ്രാദേശിക മാധ്യമപ്രവർത്തകനായ സന്തോഷ് ജയ്സ്വാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച് സഹപ്രവർത്തകർ ജില്ലാ മജിസ്ട്രേറ്റ് എൻ.പി. സിംഗിനെ കണ്ടതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം.
കുട്ടികൾ സ്കൂളിന്റെ തറ തുടയ്ക്കുന്നതിന്റെ ഫോട്ടോ എടുത്തതിനു പുറമേ ജീവനക്കാരുടെ നടപടിയെക്കുറിച്ച് പോലീസിൽ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് പരാതി പറഞ്ഞ സന്തോഷ് ജയ്സ്വാളിനെയും സ്കൂൾ പ്രിൻസിപ്പൽ രാധേശ്വാം യാദവിനെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകനെതിരേ കേസെടുക്കുകയും ചെയ്തു.
സ്കൂളിൽ അനധികൃതമായി എത്തി അധ്യാപികമാരോടുവരെ മോശമായി പെരുമാറുന്നത് സന്തോഷ് ജയ്സ്വാളിന്റെ പതിവാണെന്നു പ്രിൻസിപ്പലിന്റെ പരാതിയിൽ പറയുന്നു. ഫോട്ടോ എടുക്കുന്നതിനായി സ്കൂളിന്റെ തറ തുടയ്ക്കാൻ ഏതാനും വിദ്യാർഥികളോടു മാധ്യമപ്രവർത്തകനാണ് നിർദേശിച്ചത്. താൻ ഇതിനെ എതിർത്തുവെന്നും പ്രിൻസിപ്പൽ വിശദീകരിക്കുന്നു.
അതേസമയം, സ്കൂൾ അധികൃതർക്കു മാത്രമല്ല പോലീസിനും തന്നോടു വൈരാഗ്യമുണ്ടെന്നും മാധ്യമപ്രവർത്തകൻ വാദിക്കുന്നു.