ചിന്മയാനന്ദിനെതിരേയുള്ള തെളിവുകൾ പുറത്തായത് സുപ്രീംകോടതി അന്വേഷിക്കണം: പെൺകുട്ടിയുടെ അച്ഛൻ
Monday, September 16, 2019 12:22 AM IST
ഷാജഹാൻപുർ: പീഡനക്കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരേ നൽകിയ തെളിവുകൾ പുറത്തായതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും പരാതിക്കാരിയുടെ അച്ഛൻ.
സുപ്രീംകോടതി നിർദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘത്തിനു മുന്പാതെ പെൺകുട്ടി കഴിഞ്ഞ ദിവസം ഹാജരാക്കിയ പെൻഡ്രൈവിലെ വീഡിയോദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തായത്. സമൂഹമാധ്യമങ്ങളിലൂടെയും പെൻഡ്രൈവിലെ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഏതുതരത്തിലുള്ള തെളിവുകളാണെങ്കിലും കൈമാറണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച പെൺകുട്ടിയെ ചോദ്യംചെയ്ത അന്വേഷണസംഘം ചിന്മയാനന്ദിന്റെ കിടപ്പുമുറി വിശദമായി പരിശോധിക്കുകയും ചെയ്തു. അതിനുമുന്പ് പെൺകുട്ടിയെ ചിന്മയാനന്ദിന്റെ വസതിയിൽ കൊണ്ടുവന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.