അയോധ്യ: പുനഃപരിശോധന ഹർജികൾ ഇന്ന് പരിശോധിക്കും
Thursday, December 12, 2019 12:24 AM IST
ന്യൂഡൽഹി: അയോധ്യയിൽ തർക്കഭൂമി ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകിയ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്നു പരിശോധിക്കും. ഉച്ചകഴിഞ്ഞ് 1.40ന് ചേംബറിലാണ് ഹർജികൾ പരിശോധിക്കുന്നത്. കേസിൽ വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കു പകരം ജസ്റ്റീസ് സഞ്ജീവ് ഖന്നയെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെടുത്തി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ബെഞ്ചിന്റെ അധ്യക്ഷനാകും.
അയോധ്യ കേസിൽ നവംബർ ഒൻപതിലെ ഉത്തരവിനെതിരേ 18 പുനഃപരിശോധന ഹർജികളാണ് ഇതുവരെ നൽകിയിട്ടുള്ളത്. കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോർഡ് ഹർജി നൽകിയിട്ടില്ലെങ്കിലും മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ള ഏഴ് കക്ഷികളും ഹിന്ദു മഹാസഭ, നിർമോഹി അഖാഡ എന്നിവരും 40 സാമൂഹ്യപ്രവർത്തകരും പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.