ഇലക്ടറൽ ബോണ്ട്: മറുപടി നൽകാൻ രണ്ടാഴ്ച കൂടി സമയം
Monday, January 20, 2020 11:34 PM IST
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനു ഏർപ്പെടുത്തിയ ഇലക്ടറൽ ബോണ്ടിനെതിരേ നൽകിയ ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.
ഇലക്ട്രൽ ബോണ്ട് സംവിധാനത്തിനെതിരേ സിപിഎമ്മും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടനയും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. കേസിൽ സ്റ്റേ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
പാർട്ടികൾക്ക് സംഭാവനകൾ നൽകുന്നതിനായി ഏതൊരാൾക്കും ബാങ്കിൽ നിന്നു വാങ്ങാവുന്നതാണ് ഇലക്ടറൽ ബോണ്ട്. സംഭാവനകൾ നൽകുന്നയാളിന്റെ പേരും വിവരങ്ങളും ഫണ്ടിന്റെ ശ്രോതസും രഹസ്യമാക്കി വയ്ക്കാവുന്ന വിധത്തിലാണ് ഈ പദ്ധതി 2017ലെ ബജറ്റിൽ പ്രഖ്യാപിച്ചത്. അഴിമതിയും കള്ളപ്പണവും വർധിപ്പിക്കുന്ന നടപടിയാണിതെന്നു ചൂണ്ടിക്കാട്ടിയാണ് സിപിഎം അടക്കമുള്ളവർ ഹർജി നൽകിയത്. ഇതു സുതാര്യത ഇല്ലാത്ത നടപടിയാണെന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടെടുത്തിരുന്നു.