കേജരിവാൾ പത്രിക നൽകിയത് ആറു മണിക്കൂർ കാത്തുനിന്ന്
Wednesday, January 22, 2020 12:01 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്ക് മൂന്നാം അങ്കത്തിന് നാമിനിർദേശ പത്രിക നൽകാൻ എത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മുന്നിൽ മതിൽ പോലെ സ്വതന്ത്രൻമാരുടെ നീണ്ട നിര. ആറു മണിക്കൂറോളം ക്യൂവിൽ കാത്തു നിന്ന ശേഷമാണ് കേജരിവാളിന് ഇന്നലെ പത്രിക നൽകാനായത്. സ്ഥാനാർഥികളുടെ നിര നീണ്ടതോടെയാണ് അധികൃതർ പത്രിക നൽകാൻ ടോക്കണ്‍ സംവിധാനം ഏർപ്പെടുത്തിയത്.
പത്രിക നൽകാൻ കേജരിവാളിന് പ്രത്യേക അവസരം നൽകാൻ നടത്തിയ നീക്കത്തെ ബിജെപി എതിർത്തതോടെയാണ് കാത്തിരിപ്പും നീണ്ട നിരയുമുണ്ടായത്. പത്രിക സമർപ്പിക്കാനുള്ള അവസാന സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കാനിരിക്കവേ 2.36ന് താൻ 45-ാമത്തെ ടോക്കണ്‍ നന്പരുമായി നീണ്ട നിരയിലാണെന്ന് കേജരിവാൾ തന്നെ ട്വീറ്റ് ചെയ്തു. ഒടുവിൽ 6.45 ആയപ്പോഴാണ് കേജരിവാളിന് പത്രിക നൽകാനായത്.
പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിനമായ ചൊവ്വാഴ്ച അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാർഥികളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടതാണ് കെജരിവാളിനു കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടാക്കിയത്.
ബിജെപി ഇന്നലെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ പാർട്ടി നേതാവ് സുനിൽ യാദവ് ആണ് കേജരിവാളിനെതിരെ മത്സരിക്കുന്ന സ്ഥാനാർഥി.