ട്വിറ്ററിൽ കപിൽ മിശ്രയുടെ വിവാദ പരാമർശം: തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
Friday, January 24, 2020 11:51 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപിൽ മിശ്ര ട്വിറ്ററിൽ നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറോടാണു റിപ്പോർട്ട് തേടിയത്. ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് കപിൽ മിശ്ര വർഗീയ ചുവയുള്ള പോസ്റ്റ് സമൂഹമാധ്യമത്തിൽ ഇട്ടത്. എട്ടാം തീയതി ഡൽഹി തെരുവുകളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം എന്നായിരുന്നു ട്വീറ്റ്.
ട്വീറ്റ് വർഗീയമായ ചേരിതിരിവ് ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തു വരികയായിരുന്നു. സംഭവം വിവാദമായതോടെ, കപിൽ മിശ്രയ്ക്ക് റിട്ടേണിംഗ് ഓഫീസർ നോട്ടീസ് നൽകി. ആം ആദ്മി പാർട്ടി നേതാവായിരുന്ന കപിൽ മിശ്ര, കെജരിവാളിനോട് പിണങ്ങി ബിജെപിയിൽ ചേരുകയായിരുന്നു.